രജൗരി (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനികർ സംഭവ സ്ഥലത്ത് വച്ചും മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. ആക്രമണത്തിൽ ഒരു മേജർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജില്ലയിലെ കാൻഡി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസും സുരക്ഷ സേനയും സംയുക്തമായി പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും ജമ്മു എഡിജിപി മുകേഷ് സിങ് അറിയിച്ചു.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷ സേന പ്രദേശം വളഞ്ഞത്. ഇതിനിടെ ഭീകരർ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നിലവിൽ പ്രദേശത്ത് ഒരു സംഘം ഭീകരർ കുടുങ്ങിക്കിടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തിനിടെ ജമ്മു കശ്‌മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
വ്യാഴാഴ്‌ച പുലർച്ചെ വടക്കൻ കശ്‌മീരിലെ ബാരാമുള്ളയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും രണ്ട് ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകരർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. തെക്കൻ കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ താമസിക്കുന്ന ഷാക്കിർ മജിദ് നജർ, ഹനാൻ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷ സേന തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ബുധനാഴ്‌ച വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്‌ച രാവിലെ കുപ്‌വാര ജില്ലയിലെ പിച്ചനാട് മച്ചിൽ മേഖലയ്ക്ക് സമീപമാണ് തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിലിനെത്തിയ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും സൈന്യം തിരിച്ച് ആക്രമിക്കുകയുമായിരുന്നു.