ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റര്‍. ഒരാഴ്‌ചയോളം ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിന് ശേഷമാണ് പുനസ്ഥാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കുവച്ച കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളും പുനഃസ്ഥാപിച്ചതായാണ് വിവരം.
രാഹുലിന്‍റെ വിമര്‍ശനം
ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്‍റെ നടപടികൾ പക്ഷപാതപരമാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധി തന്‍റെയും 20 മില്യണ്‍ വരുന്ന തന്‍റെ ഫോളോവേഴ്‌സിന്‍റെയും അഭിപ്രായം പറയാനുള്ള സ്വാതന്ത്യത്തെയാണ് ട്വിറ്റർ ഇല്ലാതാക്കിയതെന്നും ആരോപിച്ചു.
ട്വിറ്റർ ഒരു നിഷ്‌പക്ഷ പ്ലാറ്റ്‌ഫോം ആണെന്ന ധാരണയെ തിരുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇന്ത്യയുടെ രാഷ്ട്രീയം കൊണ്ട് അവർ ബിസിനസ് ചെയ്യുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി വക്താവ് രൺദീപ് സുർജേവാല ഉൾപ്പെടെയുള്ള അഞ്ച് മുതിർന്ന പാർട്ടി നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെയും സമാനനീക്കമുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
നിയമം ലംഘിച്ചെന്ന് ട്വിറ്റര്‍
ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടി രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങൾ പങ്കുവെച്ചു എന്നാരോപിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ പരാതിയിലായിരുന്നു ട്വിറ്ററിന്‍റെ നടപടി.
Read more: ട്വിറ്ററിന്‍റെ നിഷ്പക്ഷത നഷ്ടമായെന്ന് രാഹുൽ ഗാന്ധി