ഇബ്രാഹിംപട്ടണം(തെലങ്കാന): തെലങ്കാനയിൽ വന്ധ്യംകരണ ശസ്‌ത്രക്രിയക്ക് വിധേയരായ നാല് യുവതികൾ മരിച്ചു. തെലങ്കാനയിലെ രംഗ റെഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്താണ് സംഭവം. കഴിഞ്ഞ ഒരാഴ്‌ചക്കിടെയാണ് യുവതികൾ മരണപ്പെട്ടത്.
മമത (25), സുഷമ (26), ലാവണ്യ (25), മേരവത്ത് മൗനിക (25)എന്നിവരാണ് മരിച്ചത്. ഓഗസ്‌റ്റ് 25 ന് ഇബ്രാഹിംപട്ടണത്തെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്‌ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മരിച്ച യുവതികള്‍ ഉൾപ്പെടെ 34 സ്‌ത്രീകൾ ക്യാമ്പിൽവച്ച് ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായിരുന്നു.
അണുബാധയെ തുടർന്നാണ് മരണമെന്നാണ് വിവരം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവതികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതികളുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ രവീന്ദർ നായിക് പറഞ്ഞു.