തിരുമല: കൊവിഡ് -19 കേസുകൾ വർധിച്ച സാഹചര്യത്തിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ സർവദർശൻ ടോക്കണുകൾ താൽക്കാലികമായി നിർത്തിവെക്കാന്‍ തീരുമാനം. ഏപ്രിൽ 11 മുതൽ തിരുപ്പതിയിൽ സർവദർശൻ ടോക്കണുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു. ടോക്കണുകൾ എടുക്കുന്നതിനായി ഭൂദേവി സമുച്ചയത്തിലും വിഷ്ണു നിവാസത്തിലും ആയിരക്കണക്കിന് ഭക്തർ ക്യൂവിൽ നിൽക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കാം എന്നത് കണക്കിലെടുത്താണ് തീരുമാനം.
ആന്ധ്രാപ്രദേശ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതും സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യുന്നതുമായ ട്രസ്റ്റാണ് ടിടിഡി. മഹാരാഷ്ട്രയിലെ ഷിർദ്ദി സായിബാബ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഇതിനോടകം ദർശനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവുണ്ടാകുകയാണ്.