ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസില്‍ സംഘർഷം രൂക്ഷമാകുന്നതിനിടെ മൂന്നംഗ സമിതി യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവും. പ്രശ്‌നങ്ങൾ പരിഹരിക്കാനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച സമിതിക്ക് മുന്നിലാണ് ഇരുവരും എത്തിയത്. മല്ലികാർജുൻ ഖാർഗെ, ജെപി അഗർവാൾ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതി അംഗങ്ങൾ.
Also Read: ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിനെന്ന് ഐസിഎംആര്‍
താൻ ഹൈക്കമാൻഡിന്‍റെ ക്ഷണപ്രകാരമാണ് എത്തിയതെന്നും പഞ്ചാബ് ജനതയുടെ ശബ്‌ദം ഹൈക്കമാൻഡിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് താൻ വന്നിരിക്കുന്നതെന്നും സിദ്ധു പറഞ്ഞു. നികുതി രൂപത്തിൽ സർക്കാരിലേക്ക് ജനങ്ങൾ കൊടുക്കുന്ന പണം ഏത് രൂപത്തിലാണെങ്കിലും ജനങ്ങളിലേക്ക് തന്നെ മടങ്ങണമെന്നതാണ് തന്‍റെ നിലപാടെന്നും സത്യങ്ങൾ തുറന്ന് പറയാനാണ് താൻ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ സത്യങ്ങൾ അടിച്ചമർത്തപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഓക്‌സിജൻ കോൺസൻട്രേറ്ററുകളുടെ പൂഴ്‌ത്തിവയ്‌പ്പ്: നവനീത് കൽറയുടെ ആയുധ ലൈസൻസ് റദ്ദാക്കി
പാർട്ടിയുടെ താഴെക്കിടയിൽ പ്രവർത്തിക്കുന്നവരുടെ ശബ്‌ദമാണ് താൻ ഹൈക്കമാൻഡിനെ ബോധിപ്പിച്ചതെന്നും സിദ്ധു പറഞ്ഞു. രണ്ട് മണിക്കൂറോളമാണ് കൂടിക്കാഴ്‌ച നീണ്ടുനിന്നത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സിദ്ധു ട്വിറ്ററിലൂടെ അഴിച്ചുവിട്ടിരുന്നത്. വാഗ്‌ദാനങ്ങൾ പൂർത്തീകരിക്കാത്തതടക്കം വിഷയങ്ങളിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.