ന്യൂഡൽഹി : 2019 ൽ വാഹനാപകടത്തിൽ മരിച്ച സർക്കാർ ജീവനക്കാരന്‍റെ കുടുംബത്തിന് രണ്ട് കോടിയിലധികം രൂപ നഷ്‌ടപരിഹാരം നൽകാൻ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനോട് ട്രിബ്യൂണൽ നിർദേശിച്ചു. സർക്കാർ ജീവനക്കാരന്‍റെ കുടുംബാംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ച ശേഷം മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ പ്രിസൈഡിംഗ് ഓഫിസർ ഏക്താ ഗൗബ മാനാണ് നഷ്‌ടപരിഹാരം നിർദേശിച്ചത്. 2019 മെയ് 31 ന് രോഹിണി സെക്‌ടറിൽ നടന്ന അപകടത്തിൽ മനീഷ് ഗൗതം (39) എന്നയാളാണ് മരണപ്പെട്ടത്.
ബന്ധുവിനൊപ്പം റോഡിലൂടെ നടക്കുമ്പോൾ അശ്രദ്ധമായി ഓടിച്ച കാറിടിച്ചാണ് മനീഷ് മരണപ്പെട്ടതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജൂൺ ഒന്നിന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മനീഷ് മരണത്തിന് കീഴടങ്ങിയത്. ഹർജിയിൽ ഇന്ന് മുതൽ 30 ദിവസത്തിനകം ഹര്‍ജിക്കാർക്ക് 2,00,50,000 രൂപ നഷ്‌ടപരിഹാരമായി നൽകാനാണ് ഇൻഷുറൻസ് കമ്പനിയ്‌ക്ക് ട്രിബ്യൂണല്‍ നിർദേശം നൽകിയിട്ടുള്ളത്. അല്ലാത്ത പക്ഷം കൂടുതൽ പലിശ അടക്കാൻ ബാധ്യസ്ഥരാകുമെന്നും ഇടക്കാലത്തായി ഹർജിക്കാർക്ക് എന്തെങ്കിലും തുക നൽകിയിട്ടുണ്ടെങ്കിൽ അത് നഷ്‌ടപരിഹാരത്തിൽ നിന്ന് കുറക്കാമെന്നും മെയ് 19ന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രിബ്യൂണൽ അറിയിച്ചു.
ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി : പ്രസ്‌തുത അപകടത്തിൽ ഒന്നാം പ്രതിയായ മംഗേ റാം അശ്രദ്ധമായി വാഹനം ഓടിച്ചതിനാലാണ് അപകടമുണ്ടായതെന്ന് തെളിയിക്കപ്പെട്ടതായും ഈ അപകടത്തിൽ മനീഷിന് മാരകമായ പരിക്കുകളേറ്റതായും ജഡ്‌ജി നിരീക്ഷിച്ചു. മരണപ്പെട്ട മനീഷിന്‍റെ ഭാര്യ, മകൻ, രണ്ട് പെൺമക്കൾ, അമ്മ എന്നിവർ മനീഷിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്നും അതിനാൽ അവർക്ക് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. മംഗേ റാം കാർ ഓടിച്ചത് മദ്യ ലഹരിയിലാണെന്നും ഇൻഷുറസ് വ്യവസ്ഥകൾ ലംഘിച്ചുവെന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദവും ജഡ്‌ജി തള്ളി.
ഇൻഷുറൻസ് വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല : റാമിന്‍റെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടിൽ മദ്യം കണ്ടെത്തിയിട്ടില്ലെന്ന് പരാമർശിച്ച ജഡ്‌ജി, ഇയാൾ ഇൻഷുറൻസ് പോളിസിയുടെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും രേഖാമൂലമുള്ള പ്രസ്‌താവനകളല്ലാതെ നിയമപരമായി പ്രതിരോധം തീർക്കുന്നതിൽ ഇൻഷുറൻസ് കമ്പനി പരാജയപ്പെട്ടെന്നും വിലയിരുത്തി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 279 (പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കുക), 304 എ (അശ്രദ്ധമൂലമുള്ള മരണം) എന്നീ വകുപ്പുകൾ പ്രകാരം ഷഹബാദ് ഡയറി പൊലീസ് സ്റ്റേഷൻ റാമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
also read : ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ് : തുടർച്ചയായ രണ്ടാം ദിവസവും സമീർ വാങ്കഡെയെ സിബിഐ ചോദ്യം ചെയ്‌തു