മുംബൈ: മഹാരാഷ്‌ട്രയില്‍ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സത്താറ സ്വദേശിയായ ബാലു ഷെല്‍ഖാണ് പിടിയിലായത്. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. റായ്‌ഗഡ് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം.
പ്രതിയായ ബാലു ഷെല്‍ഖിന്‍റെ ഉടമസ്ഥതയിലുള്ള സത്താറയിലെ ഫാക്‌ടറിയിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. റായ്‌ഗഡില്‍ നിന്നും ജോലിക്കായി സത്താറയിലെത്തിയ യുവതിയും കുടുംബവും ഫാക്‌ടറിക്കടുത്ത് കുടില്‍ കെട്ടി താമസിച്ച് വരികയായിരുന്നു. അതിനിടെയാണ് ബാലു ഷെല്‍ഖും കൂട്ടാളികളും യുവതിയുടെ കുടിലിലേക്ക് അതിക്രമിച്ച് കടക്കുകയും ഭര്‍ത്താവിനെ ബന്ധനസ്ഥനാക്കി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തത്. സംഭവത്തിന് പിന്നാലെ ഭയപ്പെട്ട യുവതിയും ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത മകളും സത്താറയില്‍ നിന്നും റായ്‌ഗഡിലേക്ക് തിരികെയെത്തി.
തനിക്കെതിരായ ആക്രമണത്തിനെതിരെ ആദ്യം പരാതിപ്പെടാന്‍ ഭയപ്പെട്ട യുവതി സ്‌ത്രീ തൊഴിലാളി യൂണിയനുമായി സംസാരിച്ചതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സത്താറ പൊലീസ് കേസെടുക്കുകയും മുഖ്യ പ്രതിയായ ബാലു ഷെല്‍ഖിനെ പിടികൂടുകയും ചെയ്‌തു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് സൂപ്രണ്ട് സമീര്‍ ഷെയ്‌ഖ് പറഞ്ഞു.
ബിഹാറില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി: ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്ന് ഇന്ന് സമാനമായ മറ്റൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടി യുവാക്കളുടെ കൂട്ട ബലാത്സംഗത്തിന് ഇരയായി. മുസാഫര്‍പൂര്‍ ഗ്രാമവാസിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. ഇതേ ഗ്രാമത്തില്‍ തന്നെയുള്ള യുവാവും കൂട്ടാളികളുമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്.
ഗ്രാമവാസിയായ യുവാവ് പെണ്‍കുട്ടിയെ വീടിന് സമീപമുള്ള വയലിലേക്ക് വിളിച്ച് വരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വയലില്‍ ഉപേക്ഷിച്ച യുവാക്കള്‍ രക്ഷപ്പെട്ടു. വയലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കുടുംബം ആശുപത്രിയിലേക്ക് മാറ്റി.
24 മണിക്കൂര്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്വബോധം വീണ്ടെടുത്ത പെണ്‍കുട്ടി കുടുംബത്തോട് ബലാത്സംഗ വിവരം പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു: കഴിഞ്ഞ മാസമാണ് രാജസ്ഥാനില്‍ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. കോച്ചിങ് ക്ലാസില്‍ പോയ യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖജുവാല മേഖലയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
also read: സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയ കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായി ; സഹപാഠിക്കെതിരെ കേസ്