ജയ്‌പൂര്‍: രാജസ്ഥാനിലെ പ്രതാപ്‌ഗഢില്‍ പീഡനത്തിനിരയായ ആദിവാസി സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠികള്‍ പൊലീസ് കസ്റ്റഡിയില്‍ (Tribal Girl students Found Dead). ഘന്‍റാലിയിലെ ദുംഗ്ലവാണി സ്വദേശികളായ പെണ്‍കുട്ടികളാണ് മരിച്ചത്. പീപല്‍ഖുണ്ടിലെ വാടക വീട്ടിലാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്.
വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 6) രാവിലെയാണ് വീടിന് സമീപമുള്ള അഴുക്കു ചാലിന് സമീപം പെണ്‍കുട്ടികളെ ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഇരുവരെയും ഘന്‍റാലിയിലെ ആശുപത്രിയിെലത്തിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ ഇരുവരെയും പ്രതാപ്‌ഗഡ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ സഹപാഠികള്‍ക്കെതിരെ കുടുംബം ആരോപണവുമായി രംഗത്തെത്തി. സഹപാഠികളില്‍ ചിലര്‍ ഇരുവരെയും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒക്‌ടോബര്‍ ആറിന് പെണ്‍കുട്ടികള്‍ പീപല്‍ഖണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു.
പെണ്‍കുട്ടികള്‍ ഇരുവരും ഛര്‍ദിച്ച് അവശനിലയിലായത് വിഷ പദാര്‍ഥം അകത്ത് ചെന്നത് കൊണ്ടാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വിഷയത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.