ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച എഫ്‌ഐആറിൽ സ്വരാജ് ഇന്ത്യ പ്രസിഡന്‍റ് യോഗേന്ദ്ര യാദവ്, സാമൂഹിക പ്രവർത്തക മേധാ പട്കർ, ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന യൂണിറ്റ് പ്രസിഡന്‍റ് ഗുർനം സിംഗ് ചന്തുനി എന്നിവരുൾപ്പെടെ 37 കർഷക നേതാക്കളെ ഡല്‍ഹി പൊലീസ് ഉൾപ്പെടുത്തി. അവിക് സാഹ, ജയ് കിസാൻ ആന്ദോളൻ, ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ്, ദർശൻ പാൽ സിംഗ്, സത്‌നം സിംഗ് പന്നു, ബൂട്ടാ സിംഗ് ബുർജിൽ, ജോഗീന്ദർ സിംഗ് ഉഗ്രാഹ എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപം സൃഷ്ടിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അക്രമത്തിൽ 394 പോലീസുകാർക്ക് പരിക്കേറ്റതായാണ് ഒദ്യോഗിക റിപ്പോര്‍ട്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. 25 ലധികം ക്രിമിനൽ കേസുകളാണ് സംഭവത്തെത്തുടര്‍ന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 19 പേരെ അറസ്റ്റ് ചെയ്യുകയും 50 ഓളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ് ശ്രീവാസ്തവ അറിയിച്ചു. ചെങ്കോട്ട അക്രമത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് പഴുതടച്ച അന്വേഷണം നടത്തുമെന്നും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ശ്രീവാസ്തവ പറഞ്ഞു. അക്രമത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.