പനാജി: മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികൾക്ക് പിഴയേർപ്പെടുത്തി പനാജി സർക്കാർ. പനാജി മേയർ ഉദയ് മദ്കൈക്കറാണ് ഇക്കാര്യം അറിയിച്ചത്. മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുകയും അധികൃതരോട് മോശമായി പെരുമാറുകയും ചെയ്‌തതിനെ തുടർന്നാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി മുതൽ ഉദ്യോഗസ്ഥരോടൊപ്പം പൊലീസ് അനുഗമിക്കുമെന്നും പിഴയടയ്‌ക്കുന്നതിന് മുൻപായി ഫോട്ടോ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരവധി ആളുകളാണ് ഗോവയിലേക്കെത്തുന്നതെന്നും എല്ലാവരേയും കൊവിഡിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് മാസ്‌ക് ധരിക്കുന്നതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ഗോവയിലേക്ക് ധാരാളം സഞ്ചാരികളാണ് എത്തുന്നതെന്നും അതിനാൽ എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്തും ആവർത്തിച്ചു.
മാസ്‌ക് ധരിക്കാത്തതിന് കഴിഞ്ഞയാഴ്‌ച ഗോവ സർക്കാർ പിഴ ഇരട്ടിയാക്കിയിരുന്നു. ഇപ്പോൾ 200 രൂപയാണ് മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ.