ശ്രീനഗർ: തുടർച്ചയായ തീവ്രവാദി ആക്രമണങ്ങൾക്കിടയിലും കശ്‌മീർ താഴ്വരയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധന. സീസണായതോടെ ശ്രീനഗർ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളും ഹൗസ് ബോട്ടുകളും മറ്റ് അതിഥി മന്ദിരങ്ങളും വിനോദ സഞ്ചാരികളാൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി താഴ്‌വരയിൽ നടന്ന കൊലപാതകങ്ങൾ വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല എന്നുള്ളതാണ് ആശ്ചര്യം ഉണർത്തുന്നത്.
കണക്കുകൾ കാര്യം പറയും: ഈ വർഷം ജനുവരി മുതൽ മെയ് വരെ ഏകദേശം 7,00,000 വിനോദസഞ്ചാരികൾ കശ്‌മീരില്‍ എത്തിയെന്നാണ് കണക്ക്. ഇത് കഴിഞ്ഞ വർഷത്തേതിനേക്കാൾ വളരെ കൂടുതലാണ്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 2,60,000 വിനോദസഞ്ചാരികൾ കശ്‌മീർ താഴ്വര സന്ദർശിച്ചു.
2021ൽ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ കശ്‌മീരിലേക്ക് ഒഴുകിയെത്തിയതോടെ മുൻവർഷങ്ങളിലെ റെക്കോഡുകളെല്ലാം തകർക്കപ്പെടാനാണ് സാധ്യത. ചരിത്രത്തിൽ ആദ്യമായി ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് പ്രതിദിനം നൂറോളം വിമാനങ്ങൾ സർവീസുകളാണ് നടത്തുന്നത്. ജൂൺ മാസത്തോടെ ഹോട്ടലുകളിലെ 95% മുൻകൂർ ബുക്കിംഗും പൂർത്തിയായി.