സത്താര (മഹാരാഷ്‌ട്ര): കുരങ്ങുകള്‍ക്ക് ചിപ്‌സ് നല്‍കുന്നതിനിടെ കാല്‍തെന്നി കൊക്കയിലേക്ക് വീണ വിനോദസഞ്ചാരിയെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം രക്ഷിച്ചു. മഹാരാഷ്‌ട്രയിലെ സത്താരയിലുള്ള മഹാബലേശ്വര്‍-പ്രതാപ്‌ഗഢ് മെയിന്‍ ഘട്ട് റോഡിലാണ് സംഭവം. പൂനെ ബാവ്‌ധാനില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി സന്ദീപ് ഓംകാര്‍ നെഹ്‌തയാണ് 100 അടി താഴ്‌ചയിലേക്ക് വീണത്.
റായ്‌ഗഢിലെ ഹരിഹരേശ്വരത്തുള്ള കുടുംബവുമായി മഹാബലേശ്വരില്‍ ഉല്ലാസയാത്രയ്ക്ക് വന്നതായിരുന്നു സന്ദീപ് നെഹ്‌ത. ആംബേനലി ഘട്ട് റോഡിലൂടെ വരുന്നതിനിടെ റോഡിന് സമീപം കുരങ്ങുകളെ കണ്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി കുരങ്ങുകള്‍ക്ക് ചിപ്‌സ് നല്‍കുന്നതിനിടെ കാല്‍തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.
അപകട വിവരമറിഞ്ഞ ഉടന്‍ മഹാബലേശ്വര്‍ പൊലീസും മലകയറ്റ വിദഗ്‌ധരും സംഭവസ്ഥലത്തെത്തി. കനത്ത മൂടല്‍ മഞ്ഞും മഴയും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മലകയറ്റ വിദഗ്‌ധരുടേയും പൊലീസിന്‍റെയും നേതൃത്വത്തില്‍ മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സന്ദീപിനെ രക്ഷിച്ചത്. മഹാബലേശ്വര്‍ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റിയ സന്ദീപിനെ പിന്നീട് വിദഗ്‌ധ ചികിത്സക്കായി സത്താര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Also read: അടികൂടി കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാൻ അര്‍ധ രാത്രി പൊലീസെത്തി