ന്യൂഡൽഹി: വിവാദങ്ങള്‍ ഉയരുന്നതിനിടെ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്കെതിരെ ഡല്‍ഹി പൊലീസ് നടപടികള്‍ ശക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹി പൊലീസ് വീഡിയോ കോണ്‍റന്‍സിങ് പ്ലാറ്റ്ഫോമായ സൂമിനെ സമീപിച്ചു. ദിശ രവി ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ അംഗങ്ങളുമായി സൂം മീറ്റിങ്ങില്‍ പങ്കെടുത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഇത് സംബന്ധിച്ച അന്വേഷണം. കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി, പൊലീസ് അന്വേഷിക്കുന്ന നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ അടക്കമുള്ളർ സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിൻ്റെ വാദം.
ദിഷ രവിയെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയത്. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പുനീത് എന്ന സ്ത്രീയാണ് ദിഷ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ജനുവരി 11ന് ഇവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു. ഈ മൂന്നുപേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയാറാക്കി ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി മറ്റുള്ളവര്‍ക്ക് കൈമാറിയതെന്ന് പൊലീസ് പറയുന്നു. ദിഷാ രവിക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അവകാശപ്പെട്ടു. ദിഷയെ അറസ്റ്റ് ചെയ്‌തതില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട് മലയാളി അഭിഭാഷക നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ നിഖിത ജേക്കബ് ഇടക്കാല ജാമ്യം തേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.