ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. നേരത്തെ ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഡൽഹി പൊലീസിന്‍റെ സൈബർ സെല്‍ ഫെബ്രുവരി 13 ന് ബെംഗളൂരുവിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തത്.
ടൂൾകിറ്റ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്‍റെ സൈബർ സെൽ ഓഫീസിൽ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവർ ഇന്ന് ഹാജരായി. ഡൽഹി പൊലീസ് ഇരുവരെയും ഫോണിൽ ബന്ധപ്പെടുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നികിത ജേക്കബിനും മുലുക്കിനും ഹൈക്കോടതി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കാവുന്ന ജാമ്യം അനുവദിച്ചിരുന്നു.
ദിഷ രവി, നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരാണ് കർഷകരുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട 'ടൂൾകിറ്റ്' സൃഷ്ടിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇത് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തെൻബെർഗുമായി പങ്കിട്ടെന്നും പൊലീസ് ആരോപിച്ചു.