കോയമ്പത്തൂർ: ട്രൂത്ത് ഓർ ഡെയർ ഗെയിമിന്‍റെ ഭാഗമായി അമിതമായ അളവിൽ അയണ്‍ ഗുളികകൾ കഴിച്ച് എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയണ്‍ ഗുളികകൾ കഴിച്ച് മരണപ്പെട്ടത്. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് സ്‌കൂളിൽ വെച്ച് ട്രൂത്ത് ഓർ ഡെയർ ഗെയിം കളിച്ചത്.
ഇതിനിടെ 'ഡെയർ' തെരഞ്ഞെടുത്തവരോട് പ്രധാനാധ്യാപകന്‍റെ ഓഫിസിൽ സൂക്ഷിച്ചിരുന്ന അയണ്‍ ഗുളികകൾ എത്രത്തോളം കഴിക്കാൻ സാധിക്കുമോ അത്രയും കഴിക്കാൻ മറ്റ് കുട്ടികൾ ആവശ്യപ്പെടുകയായിരുന്നു. ഗുളിക കഴിച്ചതിന് പിന്നാലെ എല്ലാ കുട്ടികളും സ്‌കൂളിൽ ബോധരഹിതരായി വീഴുകയായിരുന്നു.
പിന്നാലെ കുട്ടികളെ ഊട്ടിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടിയതിന് പിന്നാലെ ആണ്‍കുട്ടികൾ സുഖം പ്രാപിച്ചെങ്കിലും പെണ്‍കുട്ടികളുടെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. തുടർന്ന് ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെ മൂന്ന് കുട്ടികൾ സുഖം പ്രാപിച്ചെങ്കിലും ഒരാളുടെ നില കൂടുതൽ വഷളായി.
തുടർന്ന് ഈ പെണ്‍കുട്ടിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി ചെന്നൈയിലെ സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തു. എന്നാൽ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വച്ച് വിദ്യാർഥി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഊട്ടി പൊലീസും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു. അതിനിടെ സ്‌കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് അമീനെയും കലൈവാണി എന്ന അധ്യാപികയെയും ജില്ലാ എലിമെന്‍ററി എജ്യുക്കേഷൻ ഓഫിസർ ജയകുമാർ തൽസ്ഥാനത്ത് നിന്ന് നീക്കി.
സ്‌കൂളുകളിലും രക്ഷയില്ല: അതേസമയം സ്‌കൂളുകളിൽ വിദ്യാർഥികൾ ഉൾപ്പെടുന്ന അപകടങ്ങളും വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളും രാജ്യത്ത് വർധിച്ച് വരികയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തർപ്രദേശിലെ ഫിറോസാബാദിലെ സർക്കാർ സ്‌കൂളിൽ സഹപാഠികൾ മർദിച്ചതിനെത്തുടർന്ന് രണ്ടാം ക്ലാസ് വിദ്യാർഥി മരണത്തിന് കീഴടങ്ങിയിരുന്നു.
അതേ മാസം തന്നെ ബിഹാറിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം സ്‌കൂൾ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ബിഹാറിലെ ബെഗുസാരായി ജില്ലയിലെ മിഡിൽ സ്‌കൂൾ വിദ്യാർഥിനിയെയാണ് ക്ലാസ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർഥിനി മടങ്ങി വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂട്ടിയിട്ട ക്ലാസ് മുറിയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സ്‌കൂൾ വളപ്പിൽ പീഡനം: അതേസമയം രാജ്യത്ത് വിദ്യാർഥികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികൾക്ക് നേരെ സ്‌കൂൾ വളപ്പിൽ വെച്ച് ബലാത്സംഗ ശ്രമം നടന്നിരുന്നു.
ബിഹാറിലെ ബെഗുസരായി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സഹേബ്‌പൂർ കമാൽ പ്രദേശത്തുള്ള സ്‌കൂളിൽ കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളെ ഛോട്ടു മഹാതോ എന്നയാൾ മദ്യപിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളിൽ നിന്ന് കുതറിയോടിയ പെണ്‍കുട്ടികൾ സ്‌കൂളിന്‍റെ ശുചിമുറിയിൽ കയറി ഒളിച്ചു.
പക്ഷേ ശുചിമുറിയുടെ മേൽക്കൂര തകർത്ത് അകത്ത് കടന്ന പ്രതി ഇതിൽ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നിലവിളി കേട്ട് എത്തിയ സമീവാസികൾ പ്രതിയെ പിടികൂടുകയും പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.