കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് മന്ത്രിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ സിബിഐ ഓഫിസിന് പുറത്ത് തടിച്ചുകൂടി. നാരദ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. മന്ത്രിമാരെ കൂടാതെ എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവൻ ചാറ്റർജി എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
Read More:നാരദ ചിട്ടി തട്ടിപ്പ്; രണ്ട് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാലു പേർ അറസ്‌റ്റിൽ
കേന്ദ്ര സർക്കാരിനെതിരെയും സിബിഐക്ക് എതിരെയും മുദ്രാവാക്യം വിളിച്ച് തടിച്ചുകൂടിയ പ്രവർത്തകരെ നിസാം പാലസിലെ സിബിഐ ഓഫിസിന് മുമ്പിൽ സിആർപിഎഫ് തടഞ്ഞു. മന്ത്രിമാർ അറസ്റ്റിലായതറിഞ്ഞ് മുഖ്യമന്ത്രി മമത ബാനർജിയും സിബിഐ ഓഫിസിലെത്തിയിരുന്നു. മന്ത്രിമാർ ഉൾപ്പടെയുള്ള തൃണമൂലിന്‍റെ നാല് നേതാക്കന്മാരെയും വിചാരണ ചെയ്യാൻ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ നേരത്തെ സിബിഐക്ക് അനുമതി നൽകിയിരുന്നു.
2014ലാണ് തൃണമൂൽ നേതാക്കൾക്കെതിരെ മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ കൊൽക്കത്തയിൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തുന്നത്. ഇതിനു വേണ്ടി തയ്യാറാക്കിയ സാങ്കൽപിക കമ്പനിയുടെ പ്രതിനിധികളായെത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. തുടർന്ന് 2016ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ദൃശ്യങ്ങൾ പുറത്തായതോടെ സംഭവം വൻ രാഷ്‌ട്രീയ വിവാദമായി. നിലവിൽ ഇല്ലാത്ത കമ്പനിക്ക് വേണ്ടി ആനുകൂല്യങ്ങൾ നൽകാൻ കൈക്കൂലി വാങ്ങി അഴിമതി നടത്തിയെന്നാണ് കേസ്. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.