അഗർത്തല: കൊവിഡ് നിബന്ധനകൾ പാലിക്കാതെ സമ്മേളനം നടത്തിയതിന് ത്രിപുര യൂണിറ്റ് പ്രസിഡന്‍റ് ആശിശ് ലാൽ സിൻഹ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്‍റെ ചില നേതാക്കളും പാർട്ടി പ്രവർത്തകരും അറസ്റ്റിൽ. ബുധനാഴ്‌ച ഉനക്കൊട്ടി ജില്ലയിലെ ഗൗർനഗറിലാണ് സംഭവം.
സംഭവത്തിൽ 21 പേരെ അറസ്റ്റ് ചെയ്‌തതായി കൈലാശഹർ സ്റ്റേഷൻ പൊലീസ് പാർഥ് മുണ്ട അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് അറസ്റ്റെന്നും നിലവിൽ ഇവരെ താൽക്കാലിക ജയിലിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
82 പേരെ അറസ്റ്റ് ചെയ്‌തതായി ആരോപണം
ടിഎംസിയുടെ ഉനക്കൊട്ടി ജില്ല പ്രസിഡന്‍റ് അഞ്ജൻ ചക്രബർത്തി ഉൾപ്പെടെ സമ്മേളനത്തിൽ ഉണ്ടായിരുന്ന 82 പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്‌തുവെന്നാണ് ആശിശ് ലാൽ സിൻഹ ആരോപിക്കുന്നത്.
ALSO READ: യോഗ ചെയ്യുന്നതിനിടെ വീണു; മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍
1993ൽ ഇതേദിവസം മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടത്തിയ റാലിയിൽ പൊലീസ് വെടിവയ്‌പ്പിനെ തുടർന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഓർമ്മ ആചരണവുമായി ബന്ധപ്പെട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. ചടങ്ങിൽ രക്തസാക്ഷികൾക്ക് ആദരവ് പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി പാർട്ടി കൊടി ഉയർത്തവേയാണ് തങ്ങളുടെ കൂട്ടത്തിലുള്ള നേതാക്കളെയും മറ്റും പൊലീസ് അറസ്റ്റ് ചെയ്‌തതെന്നും ആശിശ് ലാൽ സിൻഹ മാധ്യമങ്ങളോട് പ്രതികരിച്ചു.