കൊല്‍ക്കത്ത : ഉത്തര ബംഗാളിനും ജംഗൽമഹലിനും പ്രത്യേക സംസ്ഥാനങ്ങൾ വേണമെന്ന ബിജെപി എംപിമാരുടെ പ്രസ്‌താവനയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്.
എംപിമാരായ ജോൺ ബാർല, സൗമിത്ര ഖാൻ എന്നിവർക്കെതിരെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിഭാഗം പ്രസിഡന്‍റ് അലിപൂർദുവർ പ്രസൻജിത് കാർ ചൊവ്വാഴ്‌ച പൊലീസില്‍ പരാതി നൽകി.
ഉത്തര ബംഗാളിനെ പ്രത്യേക സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ആക്കണമെന്ന് അലിപൂർദുവറില്‍ നിന്നുള്ള എംപിയായ ജോൺ ബാർല ആവശ്യപ്പെട്ടിരുന്നു.
ബർദ്വാൻ, അസൻസോൾ, ബൻകുര, പുരുലിയ, ബിഷ്‌ണുപൂർ, ബിർഭം, ഭാർഗാം, പൂർബ, പാസ്‌ചിം മെഡിനിപൂർ, ഹൂഗ്ലിയുടെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന റാര്‍ പ്രദേശത്തെ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്നായിരുന്നു ബിജെപി എംപി സൗമിത്ര ഖാന്‍റെ ആവശ്യം.
Also read: നിയമസഭ തോല്‍വി : പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി ബംഗാൾ ഘടകം
അതേമസമയം, എംപിമാരുടെ പ്രസ്‌താവനകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വിശദീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്തെത്തി. ബംഗാൾ വിഭജനം ആരും ആവശ്യപ്പെട്ടിട്ടില്ല.
എന്നാൽ സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ജംഗൽമഹലിലെയും ഉത്തര ബംഗാളിലെയും ജനങ്ങൾ നേരിട്ട അവഗണനയും ദാരിദ്ര്യത്തെയും കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു.
ഈ പ്രദേശങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ അവിടത്തെ ജനങ്ങളുടെ കോപമാണ് എംപിമാരുടെ പ്രസ്‌താവനകളില്‍ പ്രതിഫലിച്ചതെന്നുമാണ് ദിലീപ് ഘോഷിന്‍റെ വിശദീകരണം.