തിരുപ്പതി (ആന്ധ്രാപ്രദേശ്): ആദ്യമായി സ്വത്തുവകകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ആന്ധ്രാപ്രദേശിലെ പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ക്ഷേത്രം ട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). 85,705 കോടി രൂപ സ്വത്തുക്കൾ ഉണ്ടെന്നും 960 പ്രോപ്പർട്ടികൾ ഉണ്ടെന്നും ടിടിഡി അധികൃതർ അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7000 ഏക്കറോളം ഭൂമി ടിടിഡിയുടെ ഉടമസ്ഥതയിലാണെന്ന് ടിടിഡി ബോർഡ് ചെയർമാൻ വൈ.വി സുബ്ബറെഡ്ഡി വെളിപ്പെടുത്തി.
കൂടാതെ, ബോർഡിന് 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപവും 14 ടൺ സ്വർണശേഖരവുമുണ്ട്. 1974നും 2014നുമിടയിൽ ടിടിഡിയുടെ 114 വസ്‌തുവകകൾ വിറ്റിട്ടുണ്ട്. എന്നാൽ അതിനുശേഷം ഒന്നും വിറ്റിട്ടില്ലെന്നും സുബ്ബറെഡ്ഡി പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ക്ഷേത്രം ട്രസ്റ്റിന്‍റെ വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായത്. ഏപ്രിൽ മുതൽ 700 കോടിക്ക് മുകളിൽ ക്ഷേത്രത്തിന് ലഭിച്ചത്.
സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരം കഴിഞ്ഞ വർഷം സ്വത്തുക്കൾ സംബന്ധിച്ച് ടിടിഡി ദവളപത്രം പുറത്തിറക്കിയിരുന്നു. ഈ വർഷവും അത് ചെയ്യുമെന്നും സുബ്ബറെഡ്ഡി പറഞ്ഞു.