ഡെറാഡൂൺ: ത്രിവേന്ദ്ര സിങ് റാവത്ത് രാജി വച്ചതിനു പിന്നാലേ ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി തിരത്ത് സിങ് റാവത്ത് അധികാരമേറ്റു. ഇന്നലെ സ്ഥാനമൊഴിഞ്ഞ മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന റാവത്ത് 2013 ഫെബ്രുവരി 9 മുതൽ 2015 ഡിസംബർ 31 വരെ ഉത്തരാഖണ്ഡിലെ ബിജെപി പാർട്ടി മേധാവിയായി സേവനമനുഷ്‌ഠിച്ചു. കൂടാതെ 2012 മുതൽ 2017 വരെ ചൗബ്‌തഖൽ നിയോജകമണ്ഡലത്തിൽ നിന്നും ഉത്തരാഖണ്ഡ് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ ഭരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് നിരവധി എം.എല്‍.എമാര്‍ രംഗത്ത് എത്തിയിരുന്നു. തുടർന്ന് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഡെറാഡൂണിൽ ഗവർണർ ബേബി റാണി മൗര്യയെ സന്ദർശിച്ച് റാവത്ത് രാജി സമർപ്പിക്കുകയായിരുന്നു. അതിനു പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയായി തിരാത് സിങ് റാവത്ത് അധികാരമേൽക്കുന്നത്.