ബെംഗളൂരു : ബെംഗളൂരു- മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്‌സ്‌പ്രസിന്‍റെ പേര് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തു. തീവണ്ടിയുടെ പേര് മാറ്റണമെന്ന് അഭ്യർഥിച്ച് മൈസൂരുവിലെ ബിജെപി എംപി പ്രതാപസിംഹ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് ഈ വർഷം ജൂലൈയിൽ നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രിയുടെ നിർദേശപ്രകാരം റെയിൽവേ ബോർഡ് പേരുമാറ്റി സർക്കുലർ ഇറക്കിയത്.
വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. കൂടാതെ കർണാടകയിലെ പ്രശസ്‌ത കവി കുവെമ്പുവിന്‍റെ സ്മരണാര്‍ഥം മൈസൂരുവിനും തലഗുപ്പയ്ക്കും ഇടയിലുള്ള എക്‌സ്പ്രസ് സർവീസിന് അദ്ദേഹത്തിന്‍റെ പേര് നൽകണമെന്ന ആവശ്യവും റെയിൽവേ അംഗീകരിച്ചു.
ഉത്തരവുകൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. മൈസൂരു- ബെംഗളൂരു പാതയിൽ 1980 മുതൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് ടിപ്പു എക്‌സ്‌പ്രസ്. അതേസമയം മുസ്‍ലിം ഭരണാധികാരികളുടെ സംഭാവനകൾ തുടച്ചുനീക്കാനുള്ള ബിജെപി ഭരണകൂടത്തിന്‍റെ നിരന്തര ശ്രമത്തിന്‍റെ ഭാഗമാണ് ട്രെയിനുകളുടെ പേരുമാറ്റമെന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു.
വിദ്വേഷം വിതയ്ക്കുകയെന്നതാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. അവരുടെ ജോലി വെറുപ്പിന്‍റെ രാഷ്ട്രീയമാണ്. ടിപ്പു എക്‌സ്‌പ്രസ് ട്രെയിനിന്‍റെ പേര് മാറ്റേണ്ട ആവശ്യമുണ്ടായിരുന്നില്ല. പകരം പുതിയ ട്രെയിനിന് വോഡയാറിന്‍റെ പേര് നൽകിയാല്‍ മതിയായിരുന്നില്ലേയെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം സിദ്ധരാമയ്യക്ക് മറുപടിയുമായി മന്ത്രി ആർ.അശോക് രംഗത്തെത്തി. ടിപ്പു സുൽത്താൻ, ബിൻ ലാദൻ, ഗസ്‌നി മുഹമ്മദ് തുടങ്ങിയവരുടെ പേരിൽ 100 ട്രെയിനുകൾ കൂടി കൊണ്ടുവന്ന് ഓടിക്കാൻ സിദ്ധരാമയ്യക്ക് കഴിയുമെന്ന് അശോക് പരിഹസിച്ചു. സദുദ്ദേശ്യത്തോടെയാണ് സർക്കാർ ടിപ്പുവിന്‍റെ പേര് ഒഴിവാക്കി വോഡയാർ എന്ന പേര് നൽകിയതെന്നും അശോക് കൂട്ടിച്ചേർത്തു.
അതേസമയം ട്രെയിനിന്‍റെ പേര് മാറ്റൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. ആളുകളെ വൈകാരികമായി ആകർഷിക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. എന്നാൽ പേരുമാറിയതുകൊണ്ട് മാത്രം ആളുകളുടെ ജീവിതം മാറില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.