പ്രതിസന്ധികളില്‍ അകപ്പെട്ട് കിടക്കുന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയുടെ കാലം വീണ്ടും തെളിഞ്ഞു വരികയാണ് എന്ന് വേണം കരുതാന്‍. 2018-ലെ തെരഞ്ഞെടുപ്പിനു മുന്‍പ് ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎന്നും പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സെന്‍ററും ഒരുമിച്ച് ചേര്‍ന്നുണ്ടായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) ഐക്യം നേപ്പാള്‍ സുപ്രീം കോടതി കഴിഞ്ഞ ഞായറാഴ്ച റദ്ദാക്കിയതോടു കൂടി ഒലിയുടെ പ്രയാസങ്ങള്‍ അല്‍പ്പം കുറഞ്ഞതായി വേണം കരുതുവാന്‍. കോടതി വിധിക്ക് ശേഷം അദ്ദേഹം സന്തോഷവാനായാണ് കാണപ്പെട്ടത്. എന്തായിരിക്കും അതിനു കാരണം? യുഎംഎല്ലിന്‍റെ നിയമ അംഗീകൃത വിഭാഗത്തെ നയിക്കുന്നത് താനാണെന്ന് അദ്ദേഹം കരുതുന്നു. അതേസമയം തന്നെ തെറ്റിപിരിഞ്ഞു നിന്നിരുന്ന വിഭാഗത്തെ നയിക്കുന്നതിനായി മാധവ് നേപ്പാള്‍ വീണ്ടും യുഎംഎല്ലിൽ തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു.
നേപ്പാളിലെ ഭരണകക്ഷി സമ്പൂര്‍ണമായും ഛിന്നഭിന്നമായി കിടക്കുകയാണ് ഇപ്പോള്‍. ഒലിക്കെതിരെയുള്ള ഒരു പുതിയ സഖ്യം രൂപപ്പെടുത്തി കൊണ്ട് പ്രചണ്ഡ തന്‍റെ പഴയ പാര്‍ട്ടിയായ മാവോയിസ്റ്റ് സെന്‍ററിൽ തിരിച്ചെത്തിയിരിക്കുന്നു. തന്‍റെ പുതിയ സഖ്യമായിരുന്ന പ്രചണ്ഡയോട് യാത്ര പറഞ്ഞ് മാധവ് നേപ്പാളും മടങ്ങി. സുപ്രീം കോടതി വിധി കഴിഞ്ഞ ചൊവ്വാഴ്ചയോടെ യുഎംഎല്‍, മാവോയിസ്റ്റ് സെന്‍റര്‍ വിഭാഗങ്ങളെ വീണ്ടും തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ്. 2017ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി എന്‍സിപി ഐക്യം എന്ന ആശയം മുന്നോട്ട് വെച്ചത് ഒലിയായിരുന്നു.
ആ ആശയം അത്‌ഭുതങ്ങള്‍ സൃഷ്ടിക്കുകയും എൻസിപി രാജ്യത്തെ ഏറ്റവും വലിയതും ശക്തവുമായ പാര്‍ട്ടിയായി ഉയരുകയും ചെയ്തു. ആകെ അസ്വസ്ഥമായ ഇന്ത്യ നോക്കി നില്‍ക്കെ ഹിമാലയത്തിന് തെക്ക് ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും ശക്തി പ്രാപിക്കുന്നതും അധികാരം ഏറ്റെടുക്കുന്നതും കണ്ട് ചൈന വിജയഭാവത്തോടെ നിലകൊള്ളുകയും ചെയ്തു.
ഏതാണ്ട് മൂന്ന് മാസം മുന്‍പ് ഒലി പ്രാധിനിത്യ സഭ പിരിച്ചു വിട്ടതോടെയാണ് ഒലി വിരുദ്ധ പുതിയ സിപിഎം സമവാക്യം രൂപപ്പെട്ടത്. പെട്ടെന്ന് അപ്രതീക്ഷിതമായി ഉണ്ടായ ഈ നീക്കം അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയിലെ നിരവധി നേതാക്കന്മാരെ ചൊടിപ്പിച്ചു. പ്രത്യേകിച്ച് പ്രചണ്ഡയേയും മാധവ് നേപ്പാളിനേയും. എന്നാല്‍ പിരിച്ചുവിട്ട സഭ വീണ്ടും തിരിച്ചു കൊണ്ടു വന്ന ഫെബ്രുവരി 23ലെ സുപ്രീം കോടതി വിധിയോടു കൂടി ആ പ്രശ്‌നം പരിഹരിക്കപ്പെടുകയും പുതിയ ഒരു കീഴ്വഴക്കത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വളരെ ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോഴേക്കും പ്രാധിനിത്യ സഭ പിരിച്ചു വിടുന്നതുപോലുള്ള അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്ന ഒലിയെ പോലുള്ള ഭാവി പ്രധാനമന്ത്രിമാര്‍ക്ക് ഒരു മുന്നറിയിപ്പായിരുന്നു ഈ കോടതി വിധി.
ഈ ആഴ്ചയോടെ കാര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. എന്‍സിപി ഐക്യം ഞായറാഴ്ചത്തെ സുപ്രീം കോടതി വിധി തള്ളി കളഞ്ഞതോടെ 2017ലെ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലെ അവസ്ഥയിലേക്ക് നേപ്പാള്‍ രാഷ്ട്രീയം തിരിച്ചെത്തിയിരിക്കുന്നു. അന്ന് യുഎംഎലും മാവോയിസ്റ്റ് സെന്‍ററും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളായി നിലകൊള്ളുകയായിരുന്നു. ഈ അടുത്തുണ്ടായ പ്രശ്‌നങ്ങളെല്ലാം മറന്ന് തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രതിസന്ധികളെല്ലാം സ്വയം പരിഹരിക്കണമെന്ന് ഒലിയും മാധവ് നേപ്പാളും പ്രചണ്ഡയും അടക്കമുള്ള എല്ലാവര്‍ക്കുമുള്ള ഒരു നിര്‍ദേശമാണ് യഥാര്‍ഥത്തില്‍ കോടതി വിധിയോടെ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ തങ്ങളുടെ പാര്‍ലിമെന്‍റ് സീറ്റുകള്‍ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ തങ്ങള്‍ ഉണ്ടായിരുന്ന പഴയ പാര്‍ട്ടികളില്‍ തന്നെ നിലകൊള്ളണമെന്നും ആ വിധിക്ക് അര്‍ഥമുണ്ടായിരുന്നു. പ്രത്യേകിച്ച് ഒലിക്കെതിരെയുള്ള ഒരു അവിശ്വാസ വോട്ടെടുപ്പ് ഉയര്‍ന്നു വരാനുള്ള സാധ്യത വര്‍ധിച്ചു കൊണ്ടിരിക്കെ.
സുപ്രീം കോടതിയുടെ വിധി എന്‍സിപിയെ ചരിത്രത്തിന്‍റെ തടവറയിലേക്ക് തള്ളി വിട്ടിരിക്കുന്നു. ഇന്നിപ്പോള്‍ പാര്‍ലിമെന്‍റിന്‍റെ കീഴ് സഭയില്‍ ഏറ്റവും വലിയ പാര്‍ട്ടി യുഎംഎല്‍ ആണ്. 121 സീറ്റുകളാണ് പ്രാധിനിത്യ സഭയില്‍ യുഎംഎലിനുള്ളത്. 63 സീറ്റുകളുമായി രണ്ടാമത്തെ വലിയ പാര്‍ട്ടിയായി നിലകൊള്ളുന്നു നേപ്പാളി കോണ്‍ഗ്രസ്സ്. 53 സീറ്റുകളോടെ മാവോയിസ്റ്റ് സെന്‍ററാണ് മൂന്നാമത്തെ വലിയ കക്ഷി. ബാബുറാം ഭട്ടറായിയുടെ നേതൃത്വത്തിലുള്ള ജനത സമാജ് വാദി പാര്‍ട്ടിയാണ് (ജെഎസ്പി) 34 സീറ്റുകളോടു കൂടി നാലാമത്തെ വലിയ കക്ഷികളായി നിലകൊള്ളുന്നത്. 275 അംഗങ്ങളുള്ള സഭയില്‍ മറ്റ് മൂന്ന് ചെറിയ പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും ഓരോ സീറ്റുമായി വേറെയുമുണ്ട്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നിരിക്കെ സ്വന്തം പാര്‍ട്ടിക്കകത്തെ കരുത്ത് അടിവരയിട്ട് ഉറപ്പിക്കുവാനുള്ള ശക്തമായ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ് ഒലിയും മാധവ് നേപ്പാളും പ്രചണ്ഡയും. അതോടൊപ്പം തന്നെ അനുയോജ്യമായ സഖ്യകക്ഷികളേയും കണ്ടെത്താന്‍ അവര്‍ ശ്രമിച്ചു വരുന്നു. നേപ്പാളിലെ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിവേഗമാണ് നീങ്ങികൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ മത്സരയോട്ടത്തില്‍ ആരാണ് വിജയിയായി ഉയര്‍ന്നു വരിക എന്നുള്ള കാര്യം മാത്രം ഇപ്പോഴും ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.
നേപ്പാളില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന വലിയ ചോദ്യം ഇതാണ്: ഒലിയുടെ പ്രയാസകരമായ കാലം കഴിഞ്ഞുവോ? സ്വന്തം സഖാക്കളില്‍ നിന്നു തന്നെ അവിശ്വാസ പ്രമേയം നേരിടാന്‍ പോകുന്ന അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോൾ സുരക്ഷിതമാണോ? എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഒലി കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മാത്രമല്ല, ഒലിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ പഴയകാല സഖാക്കളായ പ്രചണ്ഡയും മാധവ് നേപ്പാളുമൊക്കെ അദ്ദേഹത്തിന്‍റെ ഭരണകൂടത്തിനെതിരെ ഉയര്‍ത്തി വിട്ട അതിശക്തമായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുവാന്‍ അദ്ദേഹം ഏറെ പ്രയാസപ്പെട്ട ഈ അടുത്ത കാലങ്ങളിലേക്കാള്‍ കൂടുതല്‍ കരുത്തനായി മാറുകയും ചെയ്തിരിക്കുന്നു ഒലി.