ന്യൂഡൽഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാകാൻ സായുധസേനയോട് ആഹ്വാനം ചെയ്ത് പ്രതിരോധസേനയുടെ ചീഫ് ജനറൽ ബിപിൻ റാവത്ത്. ഈ ഘട്ടത്തിൽ സേനയിൽ നിന്നും രാജ്യത്തിന് സമയോചിതമായ പിന്തുണ വേണമെന്നും സൈനികർ ഇതിന് പ്രാപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സായുധ സേന സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് തൊട്ടടുത്ത ദിവസമാണ് പ്രതിരോധ സേന മേധാവി സായുധസേനക്ക് സന്ദേശം അയച്ചത്.
“സേനയുടെ യൂണിഫോമണിഞ്ഞ പുരുഷന്മാർക്കും സ്ത്രീകൾക്കും തടസ്സങ്ങൾ തകർക്കുന്നതിനും കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനുമുള്ള ഇച്ഛാശക്തിയും സമർപ്പണ ബോധവും എല്ലായ്പ്പോഴും ഉണ്ട്. നമ്മൾക്ക് കഴിയും, നമ്മൾ ചെയ്യും, ഇനിയും വളരെ ദൂരം യാത്ര ചെയ്യേണ്ടതായുണ്ട്” ബിപിൻ റാവത്ത് പറഞ്ഞു.
വിവിധ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി മറ്റ് പ്രതിരോധസേനകളും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശൂന്യമായ ഓക്സിജൻ ടാങ്കറുകളും കണ്ടെയ്നറുകളും വിവിധ ഫില്ലിങ് സ്റ്റേഷനുകളിലെത്തിച്ച് ഇന്ത്യൻ വ്യോമസേന കൊവിഡ് പ്രവർത്തനങ്ങളിൽ സജീവമാണ്. കൂടാതെ, ആവശ്യമായ മരുന്നുകളും സേനയുടെ നേതൃത്വത്തിൽ എത്തിച്ചുനൽകുന്നുണ്ട്. ലക്ഷദ്വീപിലേക്ക് കൊവിഡ് ചികിത്സക്കുള്ള ആവശ്യസേവനങ്ങളും മരുന്നുകളും ഓക്സിജനുമെത്തിച്ച് ഇന്ത്യൻ നാവികസേനയും പ്രതിരോധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.