ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കർഷകർ നാടുകളിലേക്ക് മടങ്ങില്ലെന്ന് ആവർത്തിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സമര കേന്ദ്രങ്ങളാണ് നിലവില്‍ കർഷകരുടെ വീടുകളെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പടരുന്നതിന് കാരണമായേക്കാമെന്ന ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ടിക്കായത്ത്.
കഴിഞ്ഞ അഞ്ച് മാസത്തോളമായി ഞങ്ങള്‍ ഇവിടെയാണ്. ഇതാണ് നിലവിൽ ഞങ്ങളുടെ വീടുകള്‍. കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് ലഭിക്കാൻ പല കർഷകരും പാടുപെടുകയാണ്. സമര കേന്ദ്രങ്ങളിൽ ക്യാമ്പ് ആരംഭിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
ഇഫ്താർ വിരുന്നിനിടെ കർഷകർ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന ആരോപണം അദ്ദേഹം നിരാകരിച്ചു. ആളുകൾ അകലം പാലിച്ചാണിരുന്നത്. 50 പേരുടെ ഒത്തുചേരലിന് സർക്കാർ അനുമതിയുണ്ട്. 22-35 പേരാണ് വിരുന്നിൽ ഉണ്ടായിരുന്നത്. ആരും ഹസ്തദാനം പോലും നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷികനിയമങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേന്ദ്രം ഇവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധിക്കുന്നത്.