ബെംഗളൂരു: കടുവ നഖ ലോക്കറ്റ് ധരിച്ചതിന് സിനിമ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ക്കെതിരെ കേസ്. കര്‍ണാടകയിലെ നടനും രാജ്യസഭ എംപിയുമായ ജഗേഷ്, ജെഡിഎസ് നേതാവ് നിഖില്‍ കുമാരസ്വാമി, നടന്‍ ദര്‍ശന്‍, നിര്‍മാതാവ് റോക്ക്‌ലിന്‍ വെങ്കടേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
ജഗേഷ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ തന്‍റെ കടുവ നഖത്തിന്‍റെ ലോക്കറ്റ് പുറത്ത് കാണിച്ചിരുന്നു. അഭിമുഖത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ജഗേഷിനെതിരെ വനം വകുപ്പ് കേസെടുത്തത്. അഭിമുഖത്തിനിടെ തന്‍റെ ലോക്കറ്റ് പുറത്ത് കാണിച്ച ജഗേഷ് ഇത് തന്‍റെ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണെന്നും പറഞ്ഞു. 20-ാം പിറന്നാളിനാണ് അമ്മ തനിക്ക് ലോക്കറ്റ് സമ്മാനിച്ചത്. താനൊരു കടുവയെ പോലെ ജീവിക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്. ഇത് യഥാര്‍ഥ കടുവ നഖം കൊണ്ടുള്ളതാണെന്നും ജഗേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇത് വെറും വ്യാജമെന്ന് നിഖില്‍ കുമാരസ്വാമി: അതേസമയം കേസിന് പിന്നാലെ വിശദീകരണവുമായി രാഷ്‌ട്രീയ നേതാവും നടനുമായ നിഖില്‍ കുമാരസ്വാമി രംഗത്തെത്തി. താന്‍ ധരിച്ചുവെന്ന് പറയുന്ന കടുവ നഖ ലോക്കറ്റ് യഥാര്‍ഥ കടുവ നഖത്തില്‍ നിര്‍മിച്ചതല്ലെന്നും അത് തന്‍റെ വിവാഹത്തിന് ഒരാള്‍ സമ്മാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിപ്പോള്‍ താന്‍ ധരിക്കാറില്ലെന്നും എന്നാല്‍ തന്‍റെ കൈവശമുണ്ടെന്നും ആര്‍ക്ക് വേണമെങ്കിലും അത് പരിശോധനയ്‌ക്ക് വിധേയമാക്കാമെന്നും നിഖില്‍ കുമാരസ്വാമി പറഞ്ഞു. എക്‌സിലൂടെയാണ് നിഖില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അസത്യമായ കാര്യങ്ങള്‍ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
ദര്‍ശനെതിരെ പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍: നടന്‍ ദര്‍ശനെതിരെ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം നല്‍കിയ പരാതിയിലാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബുധനാഴ്‌ച (ഒക്‌ടോബര്‍ 25) മല്ലേശ്വരിലെ ഫോറസ്റ്റ് ഓഫിസിലെത്തിയാണ് നടന്‍ ദര്‍ശനെതിരെ ജനത പാര്‍ട്ടി നേതാക്കള്‍ പരാതി നല്‍കിയത്. നടന്‍ കടുവ, മാന്‍, സിംഹം എന്നിവയെ കൊലപ്പെടുത്തി നഖവും തോലും കൊമ്പുമെല്ലാം സൂക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. വനം-വന്യജീവി സംരക്ഷണ നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണിതെന്നും ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് പരാതിയിൽ ചൂണ്ടിക്കാട്ടി.
പ്രതികരണവുമായി വനം വകുപ്പ് : ചിക്കമംഗളൂരു-തുംകൂർ തുടങ്ങി നിരവധി ഇടങ്ങളില്‍ നിന്നും സമാനമായ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും അഡിഷണല്‍ ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ കുമാര്‍ പുഷ്‌കര്‍ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടന്‍ ദര്‍ശന്‍ അടക്കം നാലു പേരുടെ വീടുകളില്‍ സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിന്‍റെ നാല് സംഘങ്ങളായി തിരിഞ്ഞാണ് എംപി ജഗേഷ്, നടന്‍ ദര്‍ശന്‍, നിര്‍മാതാവ് റോക്ക്‌ലിന്‍ വെങ്കിടേഷ്, ജെഡിഎസ് നേതാവ് നിഖില്‍ കുമാരസ്വാമി എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേര്‍ക്കെതിരെയും വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നായി ലഭിച്ച പരാതിയുടെയെല്ലാം അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളുടെ കൈവശം കടുവയുടെ നഖം കണ്ടെത്തുകയോ കുറ്റക്കാരാണെന്ന് വ്യക്തമാകുകയോ ചെയ്‌താല്‍ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും കുമാര്‍ പുഷ്‌കര്‍ പറഞ്ഞു.