മടിക്കേരി : കേരള കർണാടക അതിർത്തിയായ കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 12 കാരനെയും 65കാരനെയും കടുവ ആക്രമിച്ചുകൊന്നു. മടിക്കേരി കുടകിലെ ഉൻസൂർ സ്വദേശികളായ ചേതന്‍ (12) രാജു (65) എന്നിവരാണ് കടുവയുടെ ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ട ഇരുവരും ബന്ധുക്കളാണ്.
24 മണിക്കൂറിനിടെ 2 മരണം: ഞായറാഴ്‌ച വൈകിട്ട് 6,30 ഓടെയാണ് 12 കാരനെ കടുവ ആക്രമിച്ച് കൊന്നത്. മധു- വീണകുമാരി ദമ്പതികളുടെ മകനാണ് ചേതന്‍. ഹുൻസൂർ പഞ്ചവള്ളിയിൽ നിന്ന് കാപ്പി പറിക്കാൻ രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. മറ്റുള്ള കുട്ടികള്‍ക്കൊപ്പം കാപ്പിത്തോട്ടത്തിൽ ഇരുന്ന് കളിക്കുന്നതിനിടെ പുറകിലൂടെ വന്ന കടുവ പൊടുന്നനെ അക്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെ കുട്ടിയുടെ ഒരു കാല്‍ കടിച്ചെടുത്ത് കടുവ വനത്തിലേക്ക് ഓടി മറഞ്ഞു.
ചേതന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ, വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനുപിന്നാലെയാണ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുട്ടിയുടെ മൃതദേഹം സംഭവ സ്ഥലത്തുനിന്ന് മാറ്റാതെയായിരുന്നു നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം.
തോട്ടത്തിലെ ജോലിക്കിടെയാണ് രാജു(65)വിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കൃഷിപ്പണിക്കായി കുട്ട ഗ്രാമത്തിൽ എത്തിയതായിരുന്നു രാജു.
ഇതിനോടകം നിരവധി കന്നുകാലികളും കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അധികൃതർ.