ഷിംല: ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടമൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയതായി സംസ്ഥാന ദുരന്തനിവാരണ ഡയറക്‌ടർ സുദേഷ് കുമാർ മൊക്ത പറഞ്ഞു.
ബുധനാഴ്‌ച ഉച്ചയോടെ ചൗര ഗ്രാമത്തിന് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ 40ലേറെ യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ ട്രാന്‍സ്‌പോർട്ട് കോർപറേഷന്‍റെ ബസും അപകടത്തിൽപെടുകയായിരുന്നു. റെകോങ് പിയോയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന ബസാണ് മണ്ണിടിച്ചിലില്‍പെട്ടത്. പാറക്കെട്ടുകളിൽ ഇടിച്ച ബസ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. അതേസമയം മറ്റൊരു വാഹനം ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
READ MORE: ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; 10 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ബുധനാഴ്‌ച 10 പേരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചിരുന്നു. കൂടാതെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇനിയും നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇവർക്കായുടെ തിരച്ചിൽ തുടരുകയാണെന്നും മൊക്ത വ്യക്തമാക്കി.
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ലോക്കൽ പൊലീസ്, ഹോം ഗാർഡുകൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.