ലുധിയാന : റെയിൽവേ ഗസ്റ്റ് ഹൗസിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു. ബിഹാറിലെ സിവാൻ സ്വദേശികളായ ദമ്പതികളുടെ ആൺ കുഞ്ഞിനെയാണ് കാണാതായത് (A three-month-old baby was stolen). സിവാനിലെ ജന്മനാട്ടിൽ നിന്ന് ലുധിയാനയിലുള്ള തന്‍റെ ബന്ധുക്കളെ കാണാൻ ദമ്പതികള്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സിവാനിൽ നിന്ന് ദമ്പതികൾ കുഞ്ഞുമായി ലുധിയാന റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അതിനാൽ ആ സമയം പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ അവര്‍ റെയിൽവേ സ്റ്റേഷൻ ഗസ്റ്റ് ഹൗസിൽ രാത്രി കഴിച്ചുകൂട്ടാനും രാവിലെ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ കയറി ബന്ധുക്കളുടെ അടുത്തേക്ക് പോകാനും തീരുമാനിച്ചു. അജ്ഞാതനായ ഒരാൾ മുറിയിലേക്ക് നുഴഞ്ഞുകയറി ഉറങ്ങിക്കിടന്ന ദമ്പതികള്‍ക്കരികില്‍ നിന്ന് കുട്ടിയെ എടുത്ത് രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് ഇവരുടെ ബന്ധു പറഞ്ഞു.
ഗസ്റ്റ് ഹൗസിലെത്തി കുഞ്ഞിന് ഭക്ഷണം നൽകിയ ശേഷം ദമ്പതികൾ കുട്ടിയോടൊപ്പം ഉറങ്ങിയതാണ്. പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോഴാണ് ശേഷമാണ് മകൻ അരികിൽ ഇല്ലെന്ന കാര്യം ദമ്പതികളുടെ ശ്രദ്ധയില്‍ പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരില്‍ ഒരാള്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
ലുധിയാന പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘം ഉടന്‍ ഗസ്റ്റ് ഹൗസില്‍ എത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ജീവനക്കാരെയും യാത്രക്കാരെയും പൊലീസ് ചോദ്യം ചെയ്‌തു.
കുഞ്ഞിന്‍റെ തിരോധാനത്തെ തുടർന്ന് ലുധിയാന റെയിൽവേ സ്റ്റേഷനിൽ വളരെ പരിഭ്രാന്തി പരന്നിരുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ അടക്കം പൊലീസ് പരിശോധിച്ചു. കുട്ടിയെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ലുധിയാന പൊലീസ് അറിയിച്ചു.
Also Read: എല്ലാം സിസിടിവി കണ്ടിരുന്നു, കുഞ്ഞിനെ തട്ടിയെടുത്ത് ട്രെയിനില്‍ കേരളത്തിലെത്തി, ഒടുവില്‍ പിടിയില്‍