തൃശൂർ: 2023 മെയ് 18 മുതൽ 21 വരെ ക്രൊയേഷ്യ ആതിഥ്യം വഹിക്കുന്ന മാസ്റ്റേഴ്‌സ് ഹാൻഡ്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ തൃശൂരില്‍ നിന്ന് മൂന്ന് പേർ. അയ്യന്തോൾ സ്വദേശി അരുൺ റാവു എം.ജി (36), ഇരിഞ്ഞാലക്കുട സ്വദേശികളായ ജിമ്മി ജോയ് (37), ജെനിൽ ജോൺ (40) എന്നിവരാണ് രാജ്യത്തിനായി കളത്തിലിറങ്ങുക.
മാസ്റ്റേഴ്‌സ് ഹാൻഡ്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിന് ആദ്യമായാണ് അവസരം ലഭിച്ചത്. ഇന്ത്യയുടെ അരങ്ങേറ്റ ലോകകപ്പിൽ തന്നെ മലയാളികളായ മൂന്ന് താരങ്ങൾക്ക് അവസരം ലഭിച്ചതും കേരളത്തിന് അഭിമാനം നൽകുന്നവയാണ്. ലോകകപ്പിനായി മെയ് 14 ന് ഇന്ത്യൻ ടീം ക്രൊയേഷ്യയിലേക്ക് തിരിക്കും.
സ്‌കൂൾ പഠന കാലഘട്ടം മുതൽ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും അന്തർ സർവകലാശാല ഗെയിംസുകളിലും കഴിവ് തെളിയിച്ചവരാണ് ഇവർ. 2022 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ ജേതാക്കളായ കേരള ടീമിൽ അംഗങ്ങളായിരുന്നു മൂവരും. നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്‌ചവെച്ചതോടെയാണ് ഇരുവർക്കും ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചത്.
അരുൺ റാവു ബാംഗ്ലൂരിൽ ടെക്‌നികളർ ഇന്ത്യയുടെ ലീഗൽ കൗൺസെൽ ആണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കേരളത്തിനായി ഒൻപത് തവണ കളത്തിലിറങ്ങിയിട്ടുള്ള അരുണ്‍ റാവു ഒരു തവണ കേരള ടീമിന്‍റെ ക്യാപ്‌റ്റനുമായിട്ടുണ്ട്. ഏഴ് തവണ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് വേണ്ടിയും അരുണ്‍ കളിച്ചിട്ടുണ്ട്.
തിരുവനന്തപുരം എസ്‌ടിസി ടെക്നോളജിയിലെ ജീവനക്കാരനാണ് ജിമ്മി ജോയ്. സ്‌കൂൾ കാലഘട്ടത്തിൽ ദേശിയ മത്സരങ്ങളിൽ തിളങ്ങിയിട്ടുള്ള ജിമ്മി കോളജ് പഠന കാലത്ത് ബിടിയു സർവകലാശാലയ്‌ക്കായി കളിച്ചിട്ടുണ്ട്. സെന്‍റ് ജോസഫ്‌സ് സ്‌കൂൾ പങ്ങാരപ്പള്ളിയിലെ കായികാധ്യാപകനും എം ജി സർവകലാശാലയിലെ പാർട്ട് ടൈം പിഎച്ച്ഡി വിദ്യാർഥിയുമാണ് ജെനിൽ ജോൺ.
പത്ത് വർഷത്തോളം സംസ്ഥാന ടൂർണമെന്‍റുകളിൽ കളിച്ചിട്ടുള്ള ജെനിൽ ജോൺ മൂന്ന് തവണ ദേശിയ ചാമ്പ്യൻഷിപ്പിലും, പോണ്ടിച്ചേരി, കാലിക്കറ്റ് സർവകലാശാല ടീമുകൾക്കായും മത്സര രംഗത്തുണ്ടായിരുന്നു.
കൈകൾ കൊണ്ടുള്ള പോരാട്ടം: ഫുട്‌ബോളിന് സമാനമായി എന്നാൽ കാലുകൾക്ക് പകരം കൈ ഉപയോഗിച്ച് കളിക്കുന്ന കായിക ഇനമാണ് ഹാൻഡ്‌ബോൾ. കൈകൾ കൊണ്ട് പാസ് ചെയ്‌ത് എതിർ ടീമിന്‍റെ ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിക്കുന്ന കളിയാണിത്. ഒരു ഗോൾ കീപ്പറും ആറ് ഔട്ട്‌ഫീൽഡ് കളിക്കാരും ഉൾപ്പെടെ ഏഴ് കളിക്കാരാണ് ഒരു ടീമിൽ ഉണ്ടാകുക.
30 മിനിട്ടാണ് സാധാരണ ഒരു ഹാൻഡ്‌ബോൾ മത്സരത്തിന്‍റെ ദൈർഘ്യം. 15 മിനിട്ടുകൾ വീതമുള്ള രണ്ട് പകുതികളായാണ് മത്സരങ്ങൾ കളിക്കുക. ഈ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീം വിജയികളാകും.
19-ാം നൂറ്റാണ്ടിന്‍റെ അവസാനം വടക്കൻ യൂറോപ്പിലും ജർമ്മനിയിലുമാണ് ഹാൻഡ്‌ബോളിന്‍റെ രീതി ക്രോഡീകരിച്ചത്. 1917ൽ ജർമനിയാണ് ഹാൻഡ്‌ബോളിന്‍റെ ആധുനിക നിയമങ്ങൾ കൊണ്ടുവന്നത്. പിന്നീട് പല മാറ്റങ്ങൾ വരുത്തി. 1925ലാണ് ഈ നിയമങ്ങൾ അനുസരിച്ചുള്ള ആദ്യ പുരുഷ ഹാൻഡ്‌ബോൾ അന്താരാഷ്ട്ര മത്സരം സംഘടിപ്പിച്ചത്.