ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയുടെ എംഡിയേയും സിഇഒയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ അമൃതല്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി വൈകി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളായ ഫെലിക്‌സ്, വിനയ് റെഡ്ഡി, ശിവ എന്നിവരെ കുനിഗലിന് സമീപത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്‍റർനെറ്റ് സേവന കമ്പനിയായ എയർറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്‌ടർ ഫണീന്ദ്ര സുബ്രഹ്‌മണ്യം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനു കുമാർ എന്നിവരെയാണ് ചൊവ്വാഴ്‌ച പ്രതികൾ ദാരുണമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് ഫെലിക്‌സും രണ്ട് സുഹൃത്തുക്കളും ചേർന്ന് കമ്പനി ഓഫിസിലെത്തി ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.
അമൃതഹള്ളിയിലെ പമ്പ എക്സ്റ്റന്‍ഷനിലുള്ള കമ്പനിയുടെ ഓഫിസിലെത്തിയ പ്രതികൾ ക്യാബിനിൽ ഇരുന്ന് ഫണിന്ദ്ര സുബ്രഹ്‌മണ്യയുമായി സംസാരിച്ചു. ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന ചർച്ചയ്‌ക്ക് പിന്നാലെ, ഫെലിക്‌സ് ഫണീന്ദ്രയെ മൂർച്ചയുള്ള ആയുധങ്ങളാൽ മാരകമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ തടയാനെത്തിയ വിനു കുമാറിനെയും ഇവർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഓഫിസിൽ വച്ച് തന്നെ മരണപ്പെട്ടിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ മൂന്ന് പേരും ഓഫിസിന്‍റെ പിൻ വാതിൽ വഴി രക്ഷപ്പെട്ടു. കൊലപാതകം നടക്കുമ്പോൾ ഓഫിസിൽ പത്തോളം ജീവനക്കാർ ഉണ്ടായിരുന്നു. സിഇഒയേയും എംഡിയേയും കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ബാക്കിയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് അക്രമികൾ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞത്.
പകയിൽ പൊലിഞ്ഞത് രണ്ട് ജീവൻ : അതേസമയം ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്‍റെ വൈരാഗ്യത്തിലാണ് ഇയാൾ രണ്ട് പേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഫണീന്ദ്ര സുബ്രഹ്മണ്യം, വിനു കുമാർ, പ്രതി ഫെലിക്‌സ് എന്നിവർ നേരത്തെ ബന്നാർഘട്ട റോഡിലെ ഒരു കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്നു.
ALSO READ : ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയുടെ എംഡിയും സിഇഒയും കുത്തേറ്റു മരിച്ചു; കൊല നടത്തിയത് മുൻ ജീവനക്കാരൻ
എന്നാൽ പിന്നീട് ഫെലിക്‌സിനെ കമ്പനിയിൽ നിന്ന് പുറത്താക്കി. ഈ പകയിൽ ഫെലിക്‌സ് ഫണീന്ദ്രയെ കൊല്ലാൻ തീരുമാനിച്ചു. മറ്റ് രണ്ട് പ്രതികളായ വിനയ് റെഡ്ഡിയും, ശിവയും ഫെലിക്‌സിന്‍റെ ആവശ്യപ്രകാരമാണ് കൊലപാതകത്തിൽ പങ്ക് ചേർന്നത്. ഫണീന്ദ്രയെ മാത്രം ലക്ഷ്യമിട്ടാണ് പ്രതികൾ ഓഫിസിലേക്ക് എത്തിയത്.
എന്നാൽ ഫണീന്ദ്രയുടെ കൊലപാതകം തടയാൻ എത്തിയതോടെ വിനു കുമാറിനെയും ഇവർ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ നോർത്ത് -ഈസ്റ്റ് ഡിവിഷൻ പൊലീസിന്‍റെ അഞ്ച് സംഘങ്ങളെ രൂപീകരിച്ചിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് പ്രതികൾക്കായുള്ള തെരച്ചിൽ നടത്തിയിരുന്നത്.
ഒടുവിൽ കുനിഗലിന് സമീപം വച്ച് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അടക്കമുള്ള കാരണങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.