മുംബൈ: ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധര്‍. നിലവിലുള്ള വൈറസ് വകഭേദങ്ങളേക്കാള്‍ രോഗവ്യാപന ശേഷിയുള്ളവയായിരിയ്ക്കും ഇവയെന്നും മുന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ അവിനാഷ് ബോണ്ട്‌വെ പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദമായ എവൈ 4 മൂലം രോഗവ്യാപനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഓഗസ്റ്റില്‍ 137 പേരിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്തെ ഒരു ശതമാനത്തിലധികം വരുന്ന രോഗികളില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നതും രോഗവ്യാപനം കൂട്ടുന്നു.
മഹാരാഷ്ട്രയില്‍ കേസുകളില്‍ വര്‍ധനവ്
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചനയൊന്നുമില്ലെന്നും മുംബൈ പോലുള്ള നഗരങ്ങളില്‍ 86 ശതമാനം പേരുടേയും ശരീരത്തില്‍ ആന്‍റിബോഡിയുണ്ടെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. അതേസമയം, വിനായക ചതുര്‍ഥിയ്ക്കും മണ്‍സൂണിനും ശേഷം നഗരത്തിലെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് ബിഎംസി അഡീഷണല്‍ കമ്മിഷണര്‍ സുരേഷ് കകാനി പറയുന്നത്.
നിലവില്‍ മഹാരാഷ്‌ട്രയിലെ പ്രതിദിന കൊവിഡ് നിരക്കില്‍ 3000ത്തിലധികം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. രോഗവ്യാപന തോതും നിയന്ത്രണ വിധേയമാണ്. ഉത്സവ സീസണായതോടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. നവംബറില്‍ സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് ഓഗസ്റ്റ് ആദ്യ വാരത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആദ്യ തരംഗത്തില്‍ 20 ലക്ഷം പേരും രണ്ടാം തരംഗത്തില്‍ 40 ലക്ഷം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാം തംഗത്തില്‍ 60 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. നവരാത്രി, ദീപാവലി, ഗണേശോത്സവം, ജന്മാഷ്‌ടമി തുടങ്ങിയ ആഘോഷങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also read: COVID-19: രാജ്യത്ത് 26,964 പേര്‍ക്ക് കൂടി കൊവിഡ്