സമസ്‌തിപൂർ: ബിഹാറിലെ സമസ്‌തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് അജ്ഞാതർ മോഷ്‌ടിച്ചു. ജനുവരി 24നാണ് സംഭവം പുറത്തറിയുന്നത്. പണ്ടോൾ സ്റ്റേഷൻ മുതൽ ലോഹത്ത് ഷുഗർ മില്ല് വരെയുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ട്രാക്കാണ് മോഷണം പോയത്.
ഷുഗർ മില്ല് അടച്ചുപൂട്ടിയതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു, ഇതോടെ റെയിൽവേ ലൈൻ താത്‌കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച് രണ്ട് ജീവനക്കാരെ റെയിൽവേ സസ്പെൻഡ് ചെയ്‌തു. ജഞ്ജർപൂർ ഔട്ട്‌പോസ്റ്റിന്‍റെ ചുമതല വഹിക്കുന്ന ശ്രീനിവാസ്, മധുബനിയുടെ ഹൗസ് കീപ്പിങ് അസിസ്റ്റന്‍റ് മുകേഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
റെയിൽവേ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതികളെ പിടികൂടാൻ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലൻസ് സംഘവും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.