ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി വ്യവസ്ഥകളില്ലാതെ ചർച്ചക്ക് തയ്യാറാകണമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ. പ്രതിഷേധം ഘടനാപരമായ സ്ഥലത്തേക്ക് മാറ്റുകയും റോഡുകളും ഹൈവേകളും ഉപരോധിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്താൽ ഡിസംബറിന് മുമ്പ് ചർച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകർക്ക് ഉറപ്പ് നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു ജെയ്‌ൻ.
കർഷകരുമായുള്ള ചർച്ചയ്ക്ക് യാതൊരു നിബന്ധനയും പാടില്ല. കർഷകരുമായി ഉടൻ ചർച്ചക്ക് തയ്യാറാവണം.അവർ നമ്മുടെ രാജ്യത്തെ കർഷകരാണ്. അവർ ആഗ്രഹിക്കുന്നിടത്ത് പ്രതിഷേധം നടത്താൻ കർഷകരെ അനുവദിക്കണമെന്നും ജെയ്ൻ പറഞ്ഞു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണം. പ്രതിഷേധത്തെ തുടർന്ന് ഡൽഹി നിവാസികളുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപെടുത്തിയ സാഹചര്യത്തിൽ കർഷകരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് ജെയ്‌ൻ പറഞ്ഞു. അവകാശങ്ങൾക്കായി കിലോമീറ്ററുകളോളമാണ് കർഷകർ സഞ്ചരിക്കുന്നത്. സമാധാനപരമായി സംസാരിക്കാൻ അവർക്ക് അവകാശമുണ്ട്. ഇതൊരു ജനാധിപത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ ഡൽഹിയിൽ 4,998 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.24 ശതമാനമാണ്. നവംബർ ഏഴിന് 15.26 ശതമാനമായിരുന്ന കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് സംഭവിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.