നൈനിറ്റാള്‍(ഉത്തരാഖണ്ഡ്) : ആളുള്ള വീടുകളിലും ആളില്ലാത്ത വീടുകളിലും കയറി മോഷണം നടത്തുന്ന കള്ളന്‍മാരുടെ കഥ ഒരു പുതിയ കാര്യമല്ല. മോഷ്‌ടാക്കളുടെ ലക്ഷ്യങ്ങളും മോഷണം നടത്തുന്ന രീതികളും പലവിധമാണെങ്കിലും വളരെ വ്യത്യസ്‌തമായ രീതിയില്‍ മോഷണം നടത്തിയ മോഷ്‌ടാവിനായുള്ള തെരച്ചിലിലാണ് ഉത്തര്‍പ്രദേശിലെ ഹല്‍ദ്‌വാനി പൊലീസ്. പൂട്ടിക്കിടന്നിരുന്ന വീട്ടില്‍ കയറി ഭക്ഷണം പാകം ചെയ്‌ത് കഴിച്ചും കുളി കഴിഞ്ഞുമാണ് ഇയാള്‍ തന്‍റെ 'ജോലി'യിലേയ്‌ക്ക് പ്രവേശിച്ചത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ജീവനക്കാരനായ ലക്ഷ്‌മണ്‍ സിങ് അധികാരിയുടെ വീട്ടിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു മോഷണം നടന്നത്. അഞ്ച് മാസം മുമ്പ് (2022 സെപ്‌തംബര്‍ 6) തന്‍റെ മകനെ സന്ദര്‍ശിക്കാന്‍ ജംഷദ്‌പൂരിലേയ്‌ക്ക് പോയതായിരുന്നു ലക്ഷ്‌മണ്‍ സിങ്. മാസങ്ങള്‍ക്ക് ശേഷമായിരിക്കും മടങ്ങിവരവ് എന്ന് മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്‌മണ്‍ സിങ്, വീടിന്‍റെ മേല്‍നോട്ട ചുമതല അയല്‍ക്കാരെ ഏല്‍പ്പിച്ച ശേഷം, വീട് ഭദ്രമായി പൂട്ടിയായിരുന്നു യാത്ര പുറപ്പെട്ടത്.
എന്നാല്‍, കഴിഞ്ഞ ദിവസം(ഫെബ്രുവരി 6) പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ട വിവരം പ്രദേശവാസികള്‍ ലക്ഷ്‌മണ്‍ സിങ്ങിനെയും പൊലീസിനെയും അറിയിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്‌ടാവ്, ആളില്ലാതിരുന്ന വീട്ടില്‍ കയറി ഭക്ഷണം പാകം ചെയ്‌ത് കഴിക്കുകയും കുളിക്കുകയും ചെയ്‌തതിന് ശേഷം ഒരു രാത്രി മുഴുവന്‍ സാവധാനം മോഷണം നടത്തി മടങ്ങിയ കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷമയോടെയുള്ള തിരച്ചിലിന് ശേഷം സ്വര്‍ണവും പണവുമായാണ് മോഷ്‌ടാവിന്‍റെ മടക്കം.
ഭക്ഷണം പാകം ചെയ്‌ത് കഴിച്ചതിന് ശേഷം വീട്ടിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടും പാത്രങ്ങള്‍ മുറിയ്‌ക്കുള്ളില്‍ വലിച്ചെറിഞ്ഞും വീട് വൃത്തികേടാക്കി ഇട്ട ശേഷമായിരുന്നു മോഷ്‌ടാവിന്‍റെ മടക്കം. മാത്രമല്ല, അലമാരയില്‍ സൂക്ഷിച്ചിരുന്ന തുണികളും ഇയാള്‍ റൂമില്‍ വലിച്ചെറിഞ്ഞ് വീട് അലങ്കോലമാക്കാനും മറന്നില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ് ബോറ പറഞ്ഞു.
'വീട്ടുടമസ്ഥന്‍ നിലവില്‍ ജംഷദ്‌പൂരിലാണ്. എത്രത്തോളം പണവും സ്വര്‍ണവുമാണ് ഇയാള്‍ മോഷ്‌ടിച്ചതെന്ന് വീട്ടുടമസ്ഥന്‍ തിരിച്ചെത്തിയതിന് ശേഷമേ പറയാനാകൂ. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മോഷ്‌ടാവിനെ ഉടന്‍ തന്നെ അറസ്‌റ്റ് ചെയ്യുമെന്നും' രമേഷ് ബോറ അറിയിച്ചു.