ഹുസ്‌നാബാദ്: തെലങ്കാനയിലെ ഹുസ്‌നാബാദിൽ കല്ല് തലയിൽ വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹുസ്‌നാബാദിലെ കട്‌കൂർ സ്വദേശികളായ ദേവുനൂരി ശ്രീകാന്ത്, രജിത എന്നീ ദമ്പതികളുടെ രണ്ടര വയസുള്ള മകൻ അഭിനവാണ് മരിച്ചത്.
സംഭവം നടന്നത് ഇങ്ങനെ: മുറിയ്‌ക്കും അടുക്കളയ്ക്കും ഇടയിലുള്ള മേൽക്കൂരയുടെ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഭാരം കുറഞ്ഞ മരക്കഷണം കാറ്റിൽ പറക്കാതിരിക്കാൻ വീട്ടുകാർ കല്ല് വച്ചിരുന്നു. തിങ്കളാഴ്‌ച ഭക്ഷണം തേടി കുരങ്ങുകൾ ഇവരുടെ വീട്ടിനുള്ളിലേക്ക് കയറി. ഇത് ശ്രദ്ധയിൽപ്പെട്ട രജിത കുരങ്ങുകളെ പുറത്താക്കാൻ അടുക്കളയിലേക്ക് പോയി. മകൻ അഭിനവും ഒപ്പമുണ്ടായിരുന്നു.
ഇതോടെ കുരങ്ങുകൾ വീടിന് പുറത്തേക്ക് ചാടാനായി മരക്കഷണം സ്ഥാപിച്ചിരുന്ന മേൽക്കൂരയുടെ ഭാഗത്തുകൂടെ ചവിട്ടി ഓടിപ്പോയി. ഇതോടെ തടിക്കഷണം പറക്കാതിരിക്കാൻ വച്ച കല്ല് കുട്ടിയുടെ തലയിൽ പതിക്കുകയായിരുന്നു. കല്ല് തലയിൽ വീണ് തൽക്ഷണം തന്നെ മരണം സംഭവിച്ചു.
അഭിനവ് മറ്റൊരപകടത്തിൽ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു. ഒരു മാസം മുൻപാണ് അഭിനവ് വീടിന്‍റെ വാതിൽ കടക്കുന്നതിനിടെ കാൽ വഴുതി വീണത്. വീഴ്‌ചയിൽ കഴുത്തിൽ കത്തി കൊണ്ട് മുറിയുകയും ചെയ്‌തിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഭിനവ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരികയാണുണ്ടായത്. ഈ ചികിത്സയില്‍ കുടുംബത്തിന് നാല് ലക്ഷം രൂപ ചെലവുണ്ടായിരുന്നു.