ന്യൂഡൽഹി : തുർക്കിയില്‍ അന്തരിച്ച ഹൈദരാബാദ് നിസാമിന്‍റെ അനന്തരാവകാശിയായ നിസാം എട്ടാമൻ മുകറം ജായുടെ (89) മൃതദേഹം തെലങ്കാനയില്‍ എത്തിച്ചു. ഏഴാം നിസാമായ മിര്‍ ഉസ്‌മാന്‍ അലി ഖാന്‍റെ കൊച്ചുമകനായ മുകറം ജനുവരി 14നാണ് ഇസ്‌താംബൂളിൽവച്ച് അന്തരിച്ചത്. ഇന്നലെ (ജനുവരി 17) വൈകിട്ട് അഞ്ചിന് തെലങ്കാനയിലെ ഷംസാബാദ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, ഇന്ന് രാവിലെ മുതല്‍ ചൗമഹല്ല പാലസില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
ഖബറടക്കം മക്ക മസ്‌ജിദില്‍ : രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് മൃതദേഹം പൊതുജനങ്ങൾക്ക് കാണാൻ വേണ്ടി വച്ചിരിക്കുന്നത്. ശേഷം, മക്ക മസ്‌ജിദിലേക്ക് കൊണ്ടുപോവും. മുകറം ജായുടെ ആഗ്രഹപ്രകാരം, ചാര്‍മിനാറിന് സമീപത്തെ മക്ക മസ്‌ജിദില്‍ പിതാവ് അസം ജായുടെ ശവകുടീരത്തിന് സമീപമാണ് ഖബറടക്കം നടത്തുക. അവസാനത്തെ നിസാം മിർ ഉസ്‌മാൻ അലി ഖാന്‍റെ മൂത്ത മകൻ അസം ജാ ബഹദൂറിന്‍റേയും ഓട്ടോമൻ രാജകുമാരി ദുരെ ഷെഹ്‌വാറിന്‍റേയും മകനായി 1933 ഒക്‌ടോബർ ആറിന് ഫ്രാൻസിലാണ് മുകറം ജായുടെ ജനനം.
ഇന്ത്യ വിട്ടത് 1970ല്‍: ഓട്ടോമൻ സാമ്രാജ്യത്തിലെ അവസാനത്തെ സുൽത്താനായ അബ്‌ദുൾ മെജിദിന്‍റെ മകളായിരുന്നു ദുരെ ഷെഹ്‌വാര്‍. മുകറം ജായെ ഏഴാമത്തെ നിസാം തന്‍റെ അനന്തരവകാശിയായി പ്രഖ്യാപിച്ചെങ്കിലും ഭരണം നടത്താന്‍ അദ്ദേഹത്തിനായില്ല. നാട്ടുരാജ്യമായിരുന്ന ഹൈദരാബാദ് 1948ല്‍ ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ, 1970കളുടെ തുടക്കത്തിൽ ഇന്ത്യ വിട്ട് അദ്ദേഹം ഓസ്‌ട്രേലിയയില്‍ സ്ഥിരതമാമസമാക്കി.
ജീവിത രീതിയിലുണ്ടായ പ്രതികൂല സാഹചര്യം മറികടക്കാന്‍ അദ്ദേഹം പിന്നീട് തുർക്കിയിലേക്ക് താമസം മാറുകയായിരുന്നു. ലണ്ടൻ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, കേംബ്രിഡ്‌ജ് എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി നല്‍കിയ സേവനങ്ങള്‍ക്ക് ആദരസൂചകമായി ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ഖബറടക്കം നടത്തുകയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അറിയിച്ചു.