കൊല്‍ക്കത്ത : ഫ്ലാറ്റ് വാഗ്‌ദാനം ചെയ്‌ത് വിരമിച്ച ജീവനക്കാരില്‍ നിന്ന് 24 കോടി രൂപ തട്ടിപ്പ് നടത്തി എന്ന ആരോപണം തെറ്റാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്‍. കൊല്‍ക്കത്തയില്‍ ബുധനാഴ്‌ച ചേര്‍ന്ന പത്രസമ്മേളനത്തില്‍ തന്‍റെ നിരപരാധിത്വം നുസ്രത്ത് ചൂണ്ടിക്കാട്ടി. താന്‍ ഈ പണം കൊണ്ടല്ല വീട് വാങ്ങിയത് എന്നും നുസ്രത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
വീട് വാങ്ങുന്നതിനായി തന്‍റെ കമ്പനിയില്‍ നിന്ന് 1.16 കോടി കടം വാങ്ങിയിരുന്നെന്നും എന്നാല്‍ പലിശ സഹിതം താന്‍ 2017 മെയ് ആറിന് തിരിച്ച് നല്‍കി എന്നും അതിന്‍റെ എല്ലാ രേഖകളും തന്‍റെ കയ്യില്‍ ഉണ്ടെന്നും ഏതുതരത്തിലുള്ള നിയമ നടപടികളും നേരിടാന്‍ താന്‍ തയാറാണെന്നും തൃണമൂല്‍ എംപി പറഞ്ഞു. ഒരു രൂപ പോലും ദുരുപയോഗപ്പെടുത്തിയിട്ടി എന്നും നുസ്രത്ത് വ്യക്തമാക്കി.
ചിത്ര നിര്‍മാണത്തിന്‍റെ ഭാഗമായി തെരക്കിലായതിനാലാണ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ സമയമെടുത്തതെന്ന് നുസ്രത്ത് പറഞ്ഞു. കുറ്റവാളികളായവർ വിശദീകരണം നൽകണം എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും അതിനാൽ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ആയിരുന്നു നുസ്രത്തിന്‍റെ പ്രതികരണം. നിയമം അതിന്‍റേതായ വഴി മാത്രമേ നടപ്പിലാകുകയുള്ളൂ എന്നും മാധ്യമങ്ങളിലൂടെ വിഷയം ചര്‍ച്ച ചെയപ്പെട്ടിട്ടുണ്ടെങ്കിലും തനിക്ക് ഇപ്പോഴും നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും നുസ്രത്ത് കൂട്ടിചേര്‍ത്തു.
നുസ്രത്ത് ജഹാന്‍ ഡയറക്‌ടറായിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഇക്കോ പാർക്കിന് സമീപമുള്ള ന്യൂ ടൗണിലെ ഒരു പ്ലോട്ടിൽ 3 ബിഎച്ച്കെ ഫ്ലാറ്റുകൾ വാഗ്‌ദാനം ചെയ്‌ത് 429 പേരില്‍ നിന്ന് പണം കൈപ്പറ്റിയതായാണ് ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡയുടെ ആരോപണം. ഫ്ലാറ്റുകള്‍ നല്‍കുമെന്ന് കാണിച്ച് 2014ല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും പണം നല്‍കിയവര്‍ക്ക് ഫ്ലാറ്റുകള്‍ ലഭിച്ചില്ലെന്നും പാണ്ഡ ആരോപിച്ചു.
നിക്ഷേപകർ കമ്പനിയിൽ നിക്ഷേപിച്ച തുകയില്‍ തട്ടിപ്പ് നടത്തി തൃണമൂൽ എംപി 1.55 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങിയെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രി മമത ബാനർജി നുസ്രത്ത് ജഹാനെ പിന്തുണക്കുകയാണ് ഉണ്ടായത്. ആർക്കെതിരെ വേണമെങ്കിലും എപ്പോഴും ആരോപണങ്ങൾ ഉന്നയിക്കാമെന്നും എന്നാൽ മാധ്യമ വിചാരണ പാടില്ലെന്നും എന്തെങ്കിലും സത്യമുണ്ടെങ്കിൽ നിയമം അതിന്‍റെ വഴിക്ക് പോകുമെന്നും നുസ്രത്ത് തന്‍റെ കേസ് നേരിടട്ടെ എന്നും മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, നിക്ഷേപകരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ജനുവരിയിൽ അലിപൂർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നുസ്രത്ത് ജഹാൻ ഉൾപ്പെടെ കമ്പനിയിലെ ഏഴ് ഡയറക്‌ടർമാർക്കെതിരെ നിക്ഷേപകര്‍ക്ക് പരാതി ഉണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.