ഷിംല: ഹിമാലയത്തിലെ ഷിവാലിക് മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്നും 2099 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നഹന്‍ പട്ടണം. സിമൗരി ഭരണ കര്‍ത്താക്കളുടെ പഴയ രാജഭരണ പ്രദേശത്തിന്‍റെ തലസ്ഥാനമാണിത്. ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ ഈ പട്ടണത്തില്‍ ഉണ്ടെങ്കിലും ചൗഗന്‍ മൈതാനമാണ് ഇതില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നത്. നഹാന്‍ പട്ടണത്തിന് നടുവില്‍ നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് ചൗഗന്‍ മൈതാനം. എന്നാൽ ഇന്ന് ചൗഗന്‍ മൈതാനം ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രത്തിലേക്ക് വെളിച്ചം വീശിയ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ചൗഗന്‍ മൈതാനത്തിന് പുതുതലമുറ അറിയാത്ത ഒട്ടനവധി കഥകളാണ് ഇന്നും പറയാനുള്ളത്.
നഹാന്‍ നാട്ടു രാജ്യം ഭരിച്ചിരുന്ന മഹാരാജാ മേഥിനി പ്രകാശിന്‍റെ ക്ഷണപ്രകാരം 1685 ഏപ്രില്‍ 30ന് 10-ാം സിക്ക് ഗുരു ഗോവിന്ദ് സിങ്ജി മഹാരാജ് നഹാനിലെത്തിയപ്പോള്‍ അദ്ദേഹവും അദ്ദേഹത്തിന്‍റെ സൈന്യവും ചൗഗന്‍ മൈതാനത്താണ് തമ്പടിച്ചത്. ഏതാണ്ട് എട്ട് മാസക്കാലത്തോളം ഗുരുജി മഹാരാജ് നഹാനില്‍ താമസിക്കുകയുണ്ടായി. ചരിത്ര പ്രസിദ്ധ ഗുരുദ്വാരയായ ശ്രീ ധാഷം അസ്താനും ഈ മൈതാനത്തിനരികിലാണ് സ്ഥിതി ചെയ്യുന്നത്. സിര്‍മൗർ നാട്ടു രാജ്യത്തിന്‍റെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജാ രാജേന്ദ്ര പ്രകാശിന്‍റെ കിരീടധാരണവും ഈ മൈതാനത്താണ് നടന്നത്. ഒരു ഡെക്കോട്ട വിമാനത്തില്‍ നിന്നും മൈതാനത്തിലേക്ക് പൂക്കള്‍ വിതറി കൊണ്ട് നടന്ന ഒരു വന്‍ ചടങ്ങിലൂടെയാണ് അന്ന് കിരീടധാരണം നിര്‍വഹിക്കപ്പെട്ടത്. ചൗഗന്‍ മൈതാനത്ത് തന്നെയാണ് രാജാവിന്‍റെ ആനകള്‍ അടങ്ങുന്ന ബറ്റാലിയനെ വിന്യസിച്ചു കൊണ്ട് യുദ്ധ തന്ത്രങ്ങള്‍ മെനഞ്ഞത്. രാജ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പോളോയും ക്രിക്കറ്റ് മത്സരങ്ങളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. നാട്ടു രാജ്യങ്ങള്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട സമയത്ത് അന്നത്തെ സിര്‍മൗർ രാജാവ് ചൗഗാനുമായുള്ള ബന്ധം റദ്ദാക്കല്‍ ഇവിടെ പ്രഖ്യാപിച്ചിരുന്നു. 1933ല്‍ ന്‍റെ കിരീടധാരണം നടന്ന ചൗഗാന്‍ മൈതാനത്ത് തന്നെയാണ് 1947ല്‍ ന്‍റെ രാജഭരണം റദ്ദാക്കപ്പെടുന്ന പ്രഖ്യാപനവും മഹാരാജാ രാജേന്ദ്ര പ്രകാശ് നടത്തിയത്.
സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷങ്ങള്‍ക്ക് ശേഷവും ചരിത്ര പ്രസിദ്ധമായ ചൗഗന്‍ മൈതാനം നഹാനിലെ പ്രധാനപ്പെട്ട ഇടമായി തുടരുന്നു. എല്ലാ ദേശീയ ഉത്സവങ്ങളും ഇവിടെയാണ് സംഘടിപ്പിച്ച് വരുന്നത്. നിരവധി ദേശീയ, അന്തര്‍ദേശീയ കായിക താരങ്ങളേയും ചൗഗന്‍ മൈതാനം രാജ്യത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ചൗഗന്‍ മൈതാനത്തിന്‍റെ ഭാവിയെ കുറിച്ച് പ്രദേശവാസികള്‍ ഏറെ ആശങ്കയിലാണ്. ചരിത്ര പ്രസിദ്ധമായ ഈ സ്ഥലത്തെ നിലനിർത്താൻ വേണ്ട അനുയോജ്യമായ നടപടികള്‍ ജില്ലാ ഭരണകൂടവും മുന്‍സിപാലിറ്റിയും എടുക്കേണ്ടത് അനിവാര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.