അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചുള്ള കേസില്‍ അറസ്റ്റിലായ ആക്‌ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. ശനിയാഴ്‌ച (ജൂലൈ 30) അഹമ്മദാബാദ് സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ നിരസിച്ചത്. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്‌ജി ഡി.ഡി താക്കറിന്‍റേതാണ് ഉത്തരവ്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ വ്യാജ തെളിവുകള്‍ ചമച്ചുവെന്ന കുറ്റത്തിന് ജൂണ്‍ 26നാണ് ഇരുവരെയും സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) സെക്ഷൻ 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ), 194 (കൊടുക്കുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
also read: ടീസ്‌റ്റ സെതല്‍വാദിന്‍റെ അറസ്റ്റ് : ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് മുട്ടിലിഴയുന്നുവെന്ന് മുഖ്യമന്ത്രി
നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ അസ്ഥിരപ്പെടുത്താനായി അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ നിർദ്ദേശപ്രകാരം നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇവരെന്നും സംഭവത്തിന് ശേഷം സെതല്‍വാദിന് 30 ലക്ഷം രൂപ നല്‍കിയെന്നും കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.