മണി രത്നത്തിന്‍റെ സംവിധാനത്തില്‍ രജനികാന്തും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതി റീ റിലീസിന് ഒരുങ്ങുന്നു. 4 കെ സാങ്കേതികതയിലേയ്‌ക്ക് റീമാസ്‌റ്റര്‍ ചെയ്‌ത് ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദ മികവോടെയാണ് ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യുന്നത്.
റിലീസ് തീയതി ഉടന്‍ തന്നെ പുറത്തുവിടും. ചിത്രത്തിന്‍റെ മനോഹരമായ മലയാളം പോസ്‌റ്ററുകളും ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. 1991ല്‍ ദീപാവലി റിലീസായി നവംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്‌തത്. മഹാഭാരതത്തിലെ കര്‍ണന്‍ - ദുര്യോധനന്‍ ബന്ധത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മണിരത്‌നം ചിത്രം ഒരുക്കിയത്. സിനിമയുടെ തിരക്കഥയും മണിരത്‌നം തന്നെയാണ് നിര്‍വഹിച്ചത്.
രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെയും മമ്മൂട്ടി ദേവരാജ് ആയും എത്തിയ ചിത്രത്തില്‍ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൂടാതെ അരവിന്ദ് സ്വാമി, അമരീഷ് പുരി, മനോജ് കെ ജയൻ, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത, നാഗേഷ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
മൂന്ന് കോടി ബജറ്റിലായാണ് ചിത്രം ഒരുക്കിയത്. 'ദളപതി'യുടെ റിലീസ് സമയത്ത് അതുവരെയുള്ള തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രം കൂടിയായിരുന്നു 'ദളപതി'. ജി വി ഫിലിംസിന്‍റെ ബാനറില്‍ ജി വെങ്കടേശ്വരന്‍ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ഗൗതം രാജു, സുരേഷ് എന്നിവര്‍ ചേര്‍ന്ന് സിനിമയുടെ എഡിറ്റിംഗും നിര്‍വഹിച്ചു. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
അതേസമയം രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ജയിലര്‍' തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന സാഹചര്യത്തിലാണ് 'ദളപതി'യുടെ റീ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 200 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫിസില്‍ മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കുകയാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് 'ജയിലര്‍' റിലീസ് ചെയ്‌തത്. തമിഴകത്ത് സോളോ റിലീസായാണ് രജനികാന്ത് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ട് തന്നെ തമിഴ് സിനിമ മേഖലയില്‍ 'ജയിലറി'ന് ബോക്‌സ് ഓഫിസില്‍ എതിരാളികളും ഇല്ലായിരുന്നു.
പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം മൂന്ന് ദിനം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ആദ്യ ദിനങ്ങളില്‍ തന്നെ ജയിലര്‍ നിരവധി റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും 2023ലെ ഏറ്റവും വലിയ ഓപ്പണിങ്ങായിരുന്നു 'ജയിലര്‍'. 2023ലെ യുഎസ്എയിലെ ഉഗ്രന്‍ ഇന്ത്യൻ പ്രീമിയർ, 2023ലെ വിദേശത്തെ തമിഴ് ഓപ്പണർ എന്നീ റെക്കോഡുകളും 'ജയിലര്‍' സ്വന്തമാക്കി.
രജനികാന്തിന്‍റെ 169-ാമത് ചിത്രമാണ് 'ജയിലര്‍'. നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. വിജയ് നായകനായി എത്തിയ 'ബീസ്‌റ്റി'ന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'ജയിലര്‍'.
Also Read: കുടുംബസമേതം ജയിലര്‍ കണ്ട് മുഖ്യമന്ത്രി; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗം