മുംബൈ: കള്ളപ്പണ നിരോധന നിയമപ്രകാരം വ്യവസായി അനിൽ അംബാനിക്ക് ആദായനികുതി വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടിസിനും പിഴയടക്കാനുള്ള നിര്‍ദേശത്തിനും ഇടക്കാല സ്റ്റേ തുടരാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഗൗതം പട്ടേലും നീലാ ഗോഖലെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കാരണം കാണിക്കൽ നോട്ടിസിനും പിഴയ്ക്കും എതിരായി അനിൽ അംബാനി സമർപ്പിച്ച ഹർജി ഏപ്രിൽ 28ന് വീണ്ടും പരിഗണിക്കാനും ആദായ നികുതി വകുപ്പിന് മറുപടി നൽകാൻ അനിൽ അംബാനിക്ക് സമയം നൽകാനും തീരുമാനിക്കുകയായിരുന്നു.
2022 സെപ്റ്റംബറിൽ ഹൈക്കോടതി കാരണം കാണിക്കൽ നോട്ടിസിന് ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു. ഈ സ്‌റ്റേ നിലനിൽക്കവെയാണ് ഈ വർഷം മാർച്ചിൽ അംബാനിയുടെ അഭിഭാഷകൻ റഫീക്ക് ദാദ, ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്‍റ് തന്‍റെ കക്ഷിക്ക് പിഴ അടയ്‌ക്കണമെന്ന് കാണിച്ച് നോട്ടിസ് നൽകി എന്ന വിവരം കോടതിയെ ധരിപ്പിച്ചത്. തുടർന്ന് ഡിമാൻഡ് നോട്ടിസിനും കോടതി ഇടക്കാല സ്‌റ്റേ അനുവദിക്കുകയായിരുന്നു.
ബുധനാഴ്‌ച ആദായ നികുതി വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഖിലേശ്വർ ശർമ സമഗ്ര സത്യവാങ്മൂലം ഫയൽ ചെയ്യാൻ രണ്ടാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. നിലവിൽ കേസിൽ പുതിയ വിവരങ്ങളും രേഖകളും ഫയൽ ചെയ്‌തിട്ടുണ്ടെന്നും സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ ആദായനികുതി വകുപ്പിന് സമയം ആവശ്യമുണ്ട് എന്നുമായിരുന്നു അഖിലേശ്വർ ശർമയുടെ വാദം. ഇതേ തുടർന്ന് ഹർജി ഏപ്രിൽ 28 ന് വാദം കേൾക്കുന്നതിന് ലിസ്റ്റ് ചെയ്യുന്നു എന്നും അത് വരെ നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളായ കാരണം കാണിക്കൽ നോട്ടിസിലും പിഴ ആവശ്യപ്പെടുന്നതിലും നിലനിൽക്കുന്ന സ്‌റ്റേ തുടരുമെന്നും കോടതി അറിയിക്കുകയായിരുന്നു.
കേസിനാസ്‌പദമായ വിഷയം ഇങ്ങനെ: രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിട്ടുള്ള 814 കോടി രൂപയിലധികം വരുന്ന വെളിപ്പെടുത്താത്ത ഫണ്ടുകളിൽ നിന്ന് 420 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2022 ഓഗസ്റ്റ് എട്ടിന് അനിൽ അംബാനിക്ക് ആദായ നികുതി വകുപ്പ് നോട്ടിസ് അയക്കുകയായിരുന്നു. 2015ലെ കള്ളപ്പണ നിരോധന നിയമം (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്‌തികളും) അനുസരിച്ച് നികുതി നിയമത്തിലെ 50, 51 വകുപ്പുകൾ പ്രകാരം 10 വർഷം വരെ പിഴയും പരമാവധി ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ആദായ നികുതി വകുപ്പ് അനിൽ അംബാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.