ഹൈദരാബാദ്: 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിനേഷന്‍ നൽകാന്‍ സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകി തെലങ്കാന സർക്കാർ. ഇത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പൊതുജനാരോഗ്യ ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു ചൊവ്വാഴ്ച പുറപ്പെടുവിച്ചു. എന്നിരുന്നാലും വാക്സിനേഷനായി കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്വകാര്യ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ മാർഗ്ഗനിർദേശങ്ങൾ പാലിക്കണം.
18 നും 44 വയസിനുമിടെ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷന്‍ മെയ് 1 ന് രാജ്യത്ത് ആരംഭിച്ചിരുന്നു. എന്നാൽ വാക്സിന്‍റെ ദൗർലഭ്യം മൂലം വാക്സിനേഷന്‍ പ്രക്രിയ തെലങ്കാന സർക്കാർ നിർത്തിവെക്കുകയായിരുന്നു. ഇതിനാൽതന്നെ 45 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കൾക്ക് മാത്രമായി വാക്‌സിനേഷന്‍ പരിമിതപ്പെടുത്തി.
വാക്സിന്‍റെ ക്ഷാമം മൂലം നിർത്തിവെച്ച രണ്ടാം ഡോസ് വിതരണവും പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യ കൊവിഡ് വാക്സിനേഷന്‍ പ്രഖ്യാപിച്ചിരുന്നു.ഇതിനായി സംസ്ഥാന ഖജനാവിൽ നിന്ന് ഏകദേശം 2500 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. തെലങ്കാനയിൽ ഇതുവരെ 56 ലക്ഷത്തിലധികം ആളുകൾ വാക്സിനേഷന്‍ സ്വീകരിച്ചു. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സാധനങ്ങളുടെ അഭാവം വാക്‌സിനേഷനെ തടസ്സപ്പെടുത്തുന്നതായി അധികൃതർ പരാതിപ്പെട്ടു.
കൂടുതൽ വായിക്കാന്‍: ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം