ഹൈദരാബാദ്: അടുത്തിടെ രാജ്യവ്യാപകമായി ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ് കുതിച്ചുയരുന്ന തക്കാളി വില. അതുകൊണ്ട് തന്നെ വാര്‍ത്തകളിലെ താരവും തക്കാളി തന്നെയാണ്. തക്കാളി കൊണ്ട് തുലാഭാരം, ജന്മദിനത്തില്‍ മധുരത്തിന് പകരം തക്കാളി വിതരണം തുടങ്ങി, എന്തിന് ഏറെ പറയുന്നു കൊലപാതകവും മോഷണവും തട്ടിക്കൊണ്ടുപോകലും വരെ ഈ പച്ചക്കറിയെ ചൊല്ലി നടന്നിട്ടുണ്ട്.
ഇപ്പോള്‍, തക്കാളി വിറ്റ് ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ കര്‍ഷകന്‍റെ വാര്‍ത്ത കേട്ട് രാജ്യമാകെ അമ്പരന്നിരിക്കുകയാണ്. തെലങ്കാനയിലെ മെടാക്കി ജില്ലയിലെ മോഹനമെഡ് നഗര്‍ ഗ്രാമത്തിലെ മഹിപാല്‍ റെഡ്ഡി എന്ന തക്കാളി കര്‍ഷകനാണ് വാര്‍ത്താതാരം. വില വര്‍ധനവിന് ശേഷമുള്ള തക്കാളി വില്‍പനയെ തുടര്‍ന്ന് ഒരു കോടിയിലധികം രൂപയാണ് ഇയാള്‍ക്ക് സമ്പാദിക്കാന്‍ സാധിച്ചത്.
വ്യക്തമായ പഠനത്തിന് ശേഷം കൃഷി: തന്‍റെ ഗ്രാമത്തില്‍ 20 ഏക്കറും കൗഡിപ്പള്ളി ഗ്രാമത്തില്‍ 55 ഏക്കറും മുത്‌രാജ്‌പള്ളിയില്‍ 25 ഏക്കറുമുള്ള ഭൂമിയിലാണ് ഇയാള്‍ തക്കാളി കൃഷി ചെയ്യുന്നത്. വിവിധ വിളകളുടെ കൃഷിരീതികളെക്കുറിച്ചും വിപണന തന്ത്രങ്ങളെക്കുറിച്ചും നിരന്തരം അറിയാന്‍ ശ്രമിക്കുന്ന ശീലമുള്ള ഒരാളാണ് മഹിപാല്‍ റെഡ്ഡി. കൃഷിയെക്കുറിച്ച് പഠിക്കാനായി മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്കും പ്രദേശങ്ങളിലേയ്‌ക്കും ഇയാള്‍ സഞ്ചരിക്കും.
ആകെ 100 ഏക്കര്‍ ഭൂമിയില്‍ 60 ഏക്കറും നെല്ലാണ് പ്രധാന കൃഷി. മിച്ചമുള്ള 40 ഏക്കര്‍ ഭൂമിയില്‍ തക്കാളി, കാപ്‌സിക്കം, വഴുതന, പാവയ്‌ക്ക, പടവലം തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. എല്ലാ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തക്കാളിയുടെ വില ഉയരുന്നത്. ഈ മാസം കണക്കാക്കിയാണ് മഹിപാല്‍ റെഡ്ഡി തക്കാളി വിളവെടുക്കുന്നത്. പുതയിടൽ, ഷെയ്‌ഡ് നെറ്റ്, പന്തല്‍ കൃഷി തുടങ്ങിയ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള തക്കാളിയാണ് കൗടിപള്ളി ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലുള്ള എട്ട് ഏക്കറിലായി ഇയാള്‍ കൃഷി ചെയ്യുന്നത്. സമൃദ്ധമായ ജലസേചനത്തിനുള്ള മാര്‍ഗങ്ങളും ഉപയോഗിച്ചു പോരുന്നു.
ലഭിച്ച വരുമാനം 1.50 കോടി രൂപ: ഏപ്രില്‍ 15ന് തക്കാളി വിത്തുകള്‍ നട്ട ശേഷം ജൂണ്‍ 15ന് വിളവെടുപ്പ് നടത്തും. 25 കിലോ തക്കാളി അടങ്ങിയ ഒരു പെട്ടിക്ക് 2,300 മുതല്‍ 2,500 വരെയാണ് വില. അത്തരത്തില്‍ ഇയാള്‍ 7,000 പെട്ടികളാണ് വിറ്റഴിച്ചത്.
നിരവധി പെട്ടികള്‍ വിറ്റഴിച്ച മഹിപാല്‍ റെഡ്ഡിക്ക് ഏകദേശം 1.50 കോടി രൂപ വരുമാനമാണ് ഇക്കുറി ലഭിച്ചത്. കൃഷിക്കായി ഏകദേശം 30 ലക്ഷം രൂപയാണ് മഹിപാല്‍ നിക്ഷേപിച്ചത്. അടുത്ത മാസം മാത്രം 5,000 പെട്ടികള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇയാള്‍ പറഞ്ഞു.
മധുരത്തിന് പകരം തക്കാളി: അതേസമയം, ഹൈദരാബാദിൽ അല്‍പം വേറിട്ട രീതിയില്‍ ഒരാള്‍ മകളുടെ ജന്മദിനം ആഘോഷിച്ച വാര്‍ത്തയും ഏറെ ചര്‍ച്ചയായിരുന്നു. തന്‍റെ മകളുടെ ജന്മദിനത്തിൽ മധുരത്തിന് പകരം തക്കാളി വിതരണം ചെയ്‌തിരിക്കുകയാണ് ടിഎംആർപിഎസ് യുവസേന പ്രസിഡന്‍റ്. അതും ഒന്നും രണ്ടുമല്ല, 400 കിലോ തക്കാളിയാണ് സൗജന്യമായി നൽകിയത്.
ഹൈദരാബാദ്, പഞ്ചഗുട്ട പ്രതാപ്‌നഗറിലെ നല്ല ശിവ മാഡിഗയാണ് തന്‍റെ മകളുടെ ജന്മദിനത്തോടനുബന്ധിച്ച് ബുധനാഴ്‌ച തക്കാളി വിതരണം ചെയ്‌തത്. തക്കാളി വിലയിലുണ്ടായ വർധന കണക്കിലെടുത്താണ് നല്ല ശിവയുടെ വേറിട്ട രീതി. വാർത്ത അറിഞ്ഞ് നിരവധിയാളുകൾ തക്കാളി ഏറ്റുവാങ്ങാന്‍ നല്ല ശിവയ്ക്കരികിലേക്ക് ഓടിയെത്തിയിരുന്നു.