ഹൈദരാബാദ് : ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുക്കിയിരിക്കുന്നത്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും ഭാരതീയ ജനത പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്. 119 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ തന്നെ ആരംഭിച്ചു (Telangana elections 2023).
പോളിങ് തുടങ്ങുന്നതിന് ഏറെ മുന്‍പ് തന്നെ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കനത്ത നിര രൂപപ്പെട്ടിരുന്നു. രാഷ്ട്രീയ ഭൂമിക നിശ്ചയിക്കാനുള്ള ഈ പോരാട്ടത്തില്‍ നിര്‍ണായക മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. ഗജ്‌വേല്‍, ഹുസൂറാബാദ്, കൊരുത്തല, മഹേശ്വരം, ഗൊഷാമഹല്‍, മെഹബൂബ് നഗര്‍, എല്‍ബി നഗര്‍, വാറങ്കല്‍ ഈസ്റ്റ്, വെസ്റ്റ്, ഭൂപാലപള്ളി, ഖയ്റത്താബാദ്, അംബര്‍പേട്ട്, ബൊയാത്ത്, നിര്‍മല്‍, അദിലാബാദ്, രാമഗുണ്ടം, പെദ്ദാപ്പള്ളി, കൊത്തഗുഡം, അര്‍മുര്‍, നിസാമാബാദ് അര്‍ബന്‍, പത്താന്‍ചേരു, സെര്‍ലിംഗംപള്ളി, ഹുസ്‌നബാദ്, ദുബ്ബാക്ക്, കാല്‍വകുര്‍തി തുടങ്ങിയ മണ്ഡലങ്ങളാണ് താരമണ്ഡലങ്ങളായി വിലയിരുത്തുന്നത് (key constituencies in Telangana)
രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപനുമായ കെ ചന്ദ്രശേഖരറാവു അഥവ കെസിആര്‍ ജനവിധി തേടുന്നത്. സ്വന്തം തട്ടകമായ ഗെജ്‌വല്‍, കാമറെഡ്ഡി എന്നീ മണ്ഡലങ്ങളിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഗെജ്‌വെലില്‍ നിന്ന് 2018ല്‍ 58,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഇക്കുറി ബിജെപി നേതാവ് എതെല രാജേന്ദറിനോടാണ് ഗജ്‌വെലില്‍ അദ്ദേഹം ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയാണ് കാമറെഡ്ഡിയില്‍ അദ്ദേഹത്തിന്‍റെ മുഖ്യഎതിരാളി (prime candidates in Telangana election 2023)
കെസിആറിന്‍റെ മകനും തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു സിര്‍സില്ല മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു. 2018ല്‍ 89,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിച്ച മണ്ഡലം കൂടിയാണിത്. എതെല രാജേന്ദറും രേവന്ത് റെഡ്ഡിയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. രാജേന്ദര്‍ ഹുസുറാബാദിലും രേവന്ത് റെഡ്ഡി കൊഡഗലിലും കൂടി മത്സരിക്കുന്നു.
കൊര്‍ത്തുല: ഇതിനകം തന്നെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറിയ മണ്ഡലമാണിത്. ബിജെപി ലോക്‌സഭാംഗം അരവിന്ദ് ധര്‍മപുരിയെയാണ് ബിആര്‍എസിന്‍റെ കല്‍വകുണ്ടല സഞ്ജയ്ക്കും കോണ്‍ഗ്രസിന്‍റെ നര്‍സിംഗ റാവു ജുവാദിക്കുമെതിരെ ഇവിടെ രംഗത്ത് ഇറക്കിയിട്ടുള്ളത്.
മഹേശ്വരം: ഇവിടെ ബിആര്‍എസിന്‍റെ പത്‌ലോല സബിത ഇന്ദ്ര റെഡ്ഡിക്കെതിരെ കോണ്‍ഗ്രസിന്‍റെ കെ ലക്ഷ്‌മണ റെഡ്ഡിയും ബിജെപിയുടെ അന്ദേല ശ്രീരാമുലു യാദവും ജനവിധി തേടുന്നു. കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ തിരിച്ചെടുത്ത രാജ സിങ് ആണ് ബിജെപിക്ക് വേണ്ട് ഗോഷമഹലില്‍ ഗോദയിലുള്ളത്. പ്രമുഖര്‍ തന്നെയാണ് എതിരാളികളും.
ചന്ദ്രയാന്‍ഗുട്ട: ബിജെപിയുടെ ടി രാജയുടെ ശക്തനായ വിമര്‍ശകനും എഐഎംഐഎം നേതാവുമായ അസാദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവെസി മത്സരിക്കുന്ന മണ്ഡലമാണ് ചന്ദയാന ഗുട്ട
മെഹബൂബ് നഗര്‍: ബിആര്‍എസിന്‍റെ വി ശ്രീനിവാസ ഗൗഡ് ബിജെപിയുടെ എ പി മിഥുന്‍കുമാര്‍ റെഡ്ഡിയോടും കോണ്‍ഗ്രസിന്‍റെ ശ്രീനിവാസ് റെഡ്ഡിയോടും ഏറ്റുമുട്ടുന്നു.
എല്‍ബി നഗര്‍: ബിജെപിയുടെ സാമരംഗ റെഡ്ഡി ജനവിധി തേടുന്ന ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ മധുയാഷി ഗൗഡും ബിആര്‍എസിന്‍റെ ദേവി റെഡ്ഡി സുധീര്‍ റെഡ്ഡിയുമാണ് മുഖ്യഎതിരാളികള്‍.
ഭൂപാലപള്ളി: ബിആര്‍എസിന്‍റെ ഗന്ദ്ര വെങ്കട രമണ റെഡ്ഡി മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഗന്ദ്ര സത്യനാരായണ റാവുവും ജനവിധി തേടുന്നു. ബിജെപിയുടെ കീര്‍ത്തി റെഡ്ഡിയാണ് മത്സരരംഗത്തുള്ളത്.
രാമഗുഡം: ബിആര്‍എസിന്‍റെ കൊരുകാന്തി ചന്ദര്‍ പട്ടേലും കോണ്‍ഗ്രസിന്‍റെ മക്കന്‍സിങ് രാജ് താക്കൂറും ബിജെപിയുടെ കണ്ടൗല സന്ധ്യാറാണിയും ജനവിധി തേടുന്നു.
പെദ്ദപ്പള്ളി: ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചിന്ത കുന്ദ വിജയ രമണ റാവുവും ബിജെപിയുടെ പ്രദീപ്‌കുമാര്‍ ദുഗ്യാലയും ബിആര്‍എസിന്‍റെ ദസരി മനോഹര്‍ റെഡ്ഡിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
മധിര: കോണ്‍ഗ്രസ് നേതാവ് മല്ലുഭാട്ടി വിക്രമാര്‍ക്കയും ബിആര്‍എസ് നേതാവ് കമല്‍ രാജു ലിങ്ക്ലയും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് ഭാട്ടി ഇവിടെ നിന്ന് നിയമസഭയിലെത്തിയത്.
നിസാമാബാദ്: നിസാമാബാദ് അര്‍ബനില്‍ ഗോവര്‍ദ്ധന്‍ ബാജി റെഡ്ഡിയെയാണ് ബിആര്‍എസ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഭൂപതി റെഡ്ഡി രേകുലാപള്ളിയും ബിജെപിയുടെ ദിനേഷ്‌കുമാര്‍ കുലച്ചേരിയുമാണ് പ്രധാന എതിരാളികള്‍.
തെലങ്കാനയില്‍ തങ്ങളുടെ ആദ്യസര്‍ക്കാര്‍ എന്ന സ്വപ്‌നവുമായാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. സംസ്ഥാനത്തെ കഴിഞ്ഞ കുറേമാസത്തെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും അധികാര സ്വപ്‌ന ങ്ങള്‍ കാണുന്നു. എന്നാല്‍ കഴിഞ്ഞ തവണ പതിനെട്ട് ശതമാനം വോട്ടുകളുടെ വ്യത്യാസമാണ് കോണ്‍ഗ്രസിനുള്ളത്. കെസിആര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ അത് പുതുചരിത്രമാകും. തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിയെന്ന പദവിയാണ് അദ്ദേഹത്തെ തേടിയെത്തുക.
READ MORE: തെലങ്കാന പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് 119 സീറ്റുകളിലേക്ക്