ഹൈദരാബാദ്: തെലങ്കാനയിലെ കെസിആർ ഭരണം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ തെലങ്കാനയിലെ മഹബൂബാബാദിലും കരിംനഗറിലും തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ മുഴുവൻ ശക്തിയും അറിഞ്ഞ് തങ്ങളോടൊപ്പം കൂടാനാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആഗ്രഹിക്കുന്നതെന്നും ബിആർഎസിനെ എൻഡിഎയുടെ അടുത്ത് വരാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പോടെ ബിആർഎസിന്‍റെ കളി അവസാനിക്കും. തെലങ്കാനയിൽ ആദ്യമായി ബിജെപി സർക്കാർ വരും. ഇന്ത്യയിലെ അഴിമതിക്കാരെ ജയിലിലയക്കാനാണ് തങ്ങളുടെ തീരുമാനമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. ഇന്നലെ മഹബൂബാബാദിലും കരിംനഗറിലും ബിജെപി സംഘടിപ്പിച്ച 'സകല ജനുല വിജയ സങ്കൽപ സഭ'കളിലും അദ്ദേഹം പങ്കെടുത്തു.
'ബിജെപിയുടെ ശക്തി അറിഞ്ഞു കൊണ്ട് കെസിആർ തങ്ങളുമായി ചങ്ങാത്തം കൂടാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ മകനെ മുഖ്യമന്ത്രിയാക്കിയാൽ എൻഡിഎയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് എതിരായി ഒന്നും ചെയ്യില്ലെന്ന് തങ്ങൾ വ്യക്തമാക്കുകയായിരുന്നു. അന്ന് മുതൽ ബിആർഎസ് നേതാക്കൾ തന്നെയും തങ്ങളുടെ പാർട്ടിയെയും അപമാനിക്കാൻ ആരംഭിച്ചുവെന്നും മോദി പറഞ്ഞു.
ബിആർഎസിനെ തോൽപ്പിച്ച് കോൺഗ്രസിനെ തെരഞ്ഞെടുക്കുക എന്നതിനർഥം ഒരു രോഗത്തിൽ നിന്ന് മുക്തി നേടുകയും മറ്റൊരു രോഗം പിടിപെടുകയും ചെയ്യുക എന്നാണ്. തെലങ്കാനയിൽ ബിജെപി പുതിയ ചരിത്രം സൃഷ്‌ടിക്കാനാണ് പോകുന്നത്. ജനങ്ങളുടെ അനുഗ്രഹത്തോടെ ബിജെപി തെലങ്കാനയിൽ ആദ്യമായി അധികാരത്തിൽ വരും. ബിആർഎസിനെ തോൽപ്പിച്ച് കോൺഗ്രസിനെ തെരഞ്ഞെടുത്താൽ ഒരു രോഗം മാറി മറ്റൊന്ന് പിടിപെടുന്ന പോലെയെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.