ഹൈദരാബാദ്: കൊവിഡിന്‍റെ വകഭേദമായ ഡെൽറ്റ വായുവിലൂടെ വേഗം പടരുമെന്നതിനാൽ സംസ്ഥാനത്ത് അടുത്ത രണ്ട് മാസം അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി തെലങ്കാന ഹെൽത്ത് ഡയറക്‌ടർ ശ്രീനിവാസ റാവു. വായുവിലൂടെ വ്യാപിക്കുമെന്നതിനാൽ ജനങ്ങൾ വീടുകളിലും മാസ്‌ക് ധരിക്കണമെന്നും കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് വൈറസ് ബാധിച്ചാൽ മറ്റ് അംഗങ്ങൾക്ക് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങൾ കൊവിഡ് നിബന്ധനകൾ കർശനമായും പാലിക്കണം. അല്ലാത്തപക്ഷം മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത വിദൂരമല്ല. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറവാണ്. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും ജനങ്ങൾ അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നും റാവു നിർദേശം നൽകി.
also read: ജൂലൈ 26ന് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന
അതേസമയം ഡെൽറ്റ വകഭേദത്തെ സംസ്ഥാനം തന്ത്രപരമായി അഭിമുഖീകരിക്കുന്നുണ്ടെന്നും ശ്രീനിവാസ റാവു പറഞ്ഞു. കൊവിഡ് കേസുകൾ അധികമായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.