ഹൈദരാബാദ്: മേഘവിസ്‌ഫോടനങ്ങൾ രാജ്യത്തിന് എതിരായ വിദേശശക്തികളുടെ ഗൂഢാലോചനയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഭദ്രാചലത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര വാദം.
"മേഘവിസ്‌ഫോടനം എന്നത് പുതിയ പ്രതിഭാസമാണ്. മേഘവിസ്‌ഫോടനമാണ് ഗോദാവരി മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായത്. ഇവ വിദേശശക്തികളുടെ ഗൂഢാലോചനയാണെന്ന് റിപ്പോർട്ടുകളുണ്ട്. അവർ ആദ്യം ലേ-ലഡാക്കിലും പിന്നീട് ഉത്തരാഖണ്ഡിലും ഇപ്പോൾ ഗോദാവരി മേഖലയിലും മേഘവിസ്‌ഫോടനം നടത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം", കെസിആർ പറഞ്ഞു.
നിർമൽ ജില്ലയിലെ ഗോദാവരി നദിയുടെ കൈവഴിയായ കടേം നദിയിലെ അണക്കെട്ട് വെള്ളപ്പൊക്കത്തെ അത്ഭുതകരമായി അതിജീവിച്ചു. ദൈവത്തിന്‍റെ അത്ഭുതത്താലാണ് അണക്കെട്ട് വെള്ളപ്പൊക്കത്തെ അതിജീവിച്ചത്. 2.90 ലക്ഷം ക്യുസെക്‌സ് പരമാവധി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ പ്രളയകാലത്ത് ജലനിരപ്പ് അഞ്ച് ലക്ഷം ക്യുസെക്‌സ് വരെ എത്തി. എന്നിട്ടും ഡാം ഇപ്പോഴും നിലനിൽക്കുന്നുവെന്നത് അത്ഭുതമാണ് എന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസ സഹായമായി മുലുഗു, ഭൂപാൽപള്ളി, കോതഗുഡെം, മഹബൂബാബാദ്, നിർമൽ ജില്ല ഭരണകൂടങ്ങൾക്ക് ഒരു കോടി രൂപ വീതം അടിയന്തരമായി അനുവദിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കൂടാതെ പ്രളയബാധിതർ താമസിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് ദുരിതബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപയും 20 കിലോ അരിയും അടിയന്തരമായി നൽകാനും അദ്ദേഹം ഉത്തരവിട്ടു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഭദ്രാചലത്തിന് ചുറ്റുമുള്ള മേഖലയിൽ ഏരിയൽ സർവേ നടത്താനുള്ള പദ്ധതി മുഖ്യമന്ത്രി റദ്ദാക്കി. തുടർന്ന് ഗോദാവരി പാലത്തിൽ നിന്ന് നദിയുടെ ജലനിരപ്പ് ഉയരുന്നത് മുഖ്യമന്ത്രി പരിശോധിച്ചു. പിന്നീട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തി ക്രമീകരണങ്ങൾ പരിശോധിച്ചു.
ഭദ്രാചലത്തിലെ ഇന്‍റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്‍റ് ഏജൻസിയിൽ എംഎൽഎമാരുമായും ഉദ്യോഗസ്ഥരുമായും കെസിആർ ഉന്നതതല അവലോകനം നടത്തി. കനത്ത മഴ കണക്കിലെടുത്ത് മാസാവസാനം വരെ അധികൃതർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
പ്രളയബാധിതർക്ക് മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കാനും മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യാനും ധനമന്ത്രി ഹരീഷ് റാവുവിനോട് നിർദേശിച്ചതായി ശനിയാഴ്‌ച(16.07.2022) രാത്രി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും അറിയിച്ചു. ഗോദാവരി നദിയിൽ കുറച്ചു ദിവസങ്ങൾ കൂടി വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ എല്ലാ ജില്ല കലക്‌ടർമാർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.