ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബെംഗളൂരുവിലേക്ക് തിരിച്ചു. വ്യാഴാഴ്‌ച(26.05.2022) രാവിലെയാണ് അദ്ദേഹം പോയത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കെസിആർ മോദിയുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കുന്നത്.
ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്‍റെ (ഐഎസ്‌ബി) 20-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് മോദി വ്യാഴാഴ്‌ച ഉച്ചയോടെ എത്തുന്നത്. ഐഎസ്‌ബിയുടെ 2022 ലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്‍റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്ന അദ്ദേഹം വിദ്യാർഥികളെ അഭിസംബോധന ചെയ്യും.
വിശുദ്ധ രാമാനുജാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി ഹൈദരാബാദിൽ എത്തിയപ്പോഴും ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. സുഖമില്ലാതിരുന്നതിനാലാണ് വരാതിരുന്നതെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. അടുത്തിടെ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരെ കെസിആര്‍ കണ്ടിരുന്നു. ദേശീയ തലത്തില്‍ മൂന്നാം മുന്നണി കെട്ടിപ്പെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ചണ്ഡിഗഡില്‍, കാർഷിക നിയമങ്ങൾക്കെതിരായ രാജ്യ വ്യാപക കർഷക പ്രക്ഷോഭത്തിനിടെ ജീവൻ വെടിഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കുന്നതടക്കം വിവിധ ദേശീയ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.