ഹൈദരാബാദ്: ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനുവരി 2 വരെ തെലങ്കാനയിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും നിരോധനം. തെലങ്കാന ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സർക്കാർ ഉത്തരവ്. എന്നാൽ പുതുവർഷ ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല.
ശാരീരിക അകലം ഉറപ്പാക്കുക, മാസ്‌ക് ധരിക്കാത്തവരെ ചടങ്ങുകളിൽ പങ്കെടുപ്പിക്കരുത്, വേദിയിലേക്ക് പ്രവേശിക്കുന്ന വ്യക്തികളുടെ ചൂട് പരിശോധിക്കാൻ പ്രവേശന സ്ഥലത്ത് ഐആർ തെർമോമീറ്ററുകൾ/തെർമൽ സ്കാനറുകൾ ക്രമീകരിക്കണം എന്നീ നിബന്ധനകളോടെ ആളുകൾ കൂട്ടംകൂടുന്ന മറ്റ് പരിപാടികൾ അനുവദിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നതിന് സംസ്ഥാന സർക്കാർ ഏപ്രിലിൽ പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പിലാക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഉത്സവങ്ങൾക്കും പുതുവത്സരാഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഡിസംബർ 23ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. മൂന്ന് ദിവസത്തിനകം ഉത്തരവിറക്കാനായിരുന്നു ഹൈക്കോടതി നിർദേശം. തെലങ്കാനയിൽ ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായതിന് പിന്നാലെയായിരുന്നു കോടതി ഉത്തരവ്.
ശനിയാഴ്‌ച തെലങ്കലാനയിൽ മൂന്ന് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 41 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ALSO READ: മൻ കി ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും