ഹൈദരാബാദ് : സംസ്ഥാന സർക്കാറിന്‍റെ മനുഷ്യത്വ രഹിത മനോഭാവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് തെലങ്കാന ഹൈക്കോടതി. ആന്ധ്രപ്രദേശില്‍ നിന്നുള്ള രോഗികളെ ഹൈദരാബാദിലേക്ക് കൊണ്ടുവരുന്ന ആംബുലന്‍സുകള്‍ അതിർത്തിയിൽ തടയുന്നതിലാണ് രൂക്ഷവിമര്‍ശനം. ഏത് അധികാരിയാണ് ആന്ധ്രയില്‍ നിന്നുള്ള ആംബുലൻസുകളെ അതിര്‍ത്തിയില്‍ തടയണമെന്ന് തീരുമാനിച്ചതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ചികിത്സയ്ക്കായി ആന്ധ്രയില്‍ നിന്നും ഹൈദരാബാദിലേക്ക് വരുന്ന കൊവിഡ് രോഗികളെ അന്തർ സംസ്ഥാന അതിർത്തിയിൽ നിർത്തി തിരിച്ചുവിട്ടുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്.
Read Also…… ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തെലങ്കാന
ഒരു നിയന്ത്രണവുമില്ലാഞ്ഞിട്ടും ഇത്തരത്തില്‍ ആംബുലൻസുകൾ കടത്തിവിടാത്തത് ഏത് സാഹചര്യത്തിലാണെന്ന് ചീഫ് ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബി. വിജയൻ റെഡ്ഡി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ചോദിച്ചു. ഹൈദരാബാദ്, സൈബരാബാദ്, രാച്ചക്കൊണ്ട എന്നിവിടങ്ങളിലെ പൊലീസ് കമ്മീഷണർമാരും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) കമ്മിഷണറും കോടതിയിൽ ഹാജരായി. രാത്രി കർഫ്യൂ ഫലപ്രദമായി നടപ്പാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. റംസാന് ശേഷം കൊവിഡ് നിയന്ത്രണത്തിനായി കൂടുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ടോയെന്ന് ബഞ്ച് ചോദിച്ചു.
കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിൽ കോടതി നിരാശ പ്രകടിപ്പിച്ചു. പരിശോധന വേഗത്തിലാക്കാൻ കോടതി നിർദേശിക്കുമ്പോൾ അധികൃതർ എണ്ണം കുറയ്ക്കുകയാണെന്ന് നിരീക്ഷിച്ചു. കോടതി ഉത്തരവ് ലംഘിക്കുന്നത് നിർഭാഗ്യകരമാണെന്നും കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.കൊവിഡ് നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തു. എല്ലാ കൊവിഡ് നിയന്ത്രണ നടപടികളുടെയും വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം നാളെ മുതല്‍ അടുത്ത പത്ത് ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.